കോണ്‍ഗ്രസ് തെമ്മാടികളുടേത് അപമാനകരമായ നടപടി, സച്ചിന്റെ ചിത്രത്തിന് കരി ഓയില്‍ ഒഴിച്ചതിനെതിരെ ശ്രീശാന്ത്

തിരുവനന്തപുരം: ക്രിക്കറ്റ് താരം സച്ചില്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെ വിമര്‍ശിച്ച് ക്രിക്കറ്റര്‍ ശ്രീശാന്ത് കര്‍ഷക സമരത്തില്‍ വിവാദപരാമര്‍ശം നടത്തിയതിനാണ് സച്ചിന്റെ ചിത്രത്തില്‍ യൂത്ത് കോണ്‍ഗ്രസ് കരിഓയില്‍ ഒഴിച്ചത്. ഭാരതരത്‌ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേല്‍ കരിമഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം അവര്‍ വ്രണപ്പെടുത്തി’, ‘കോണ്‍ഗ്രസ് തെമ്മാടികളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശ്രീശാന്തിന്റെ വിമര്‍ശനം.

സച്ചിന്‍ പാജി ഒരു വികാരമാണെന്നും തന്നെപോലെ നിരവധി ആണ്‍കുട്ടികള്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണെന്നും ശ്രീശാന്ത് പറഞ്ഞു. ‘സച്ചിനോടുള്ള എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. നിങ്ങള്‍ ഇപ്പോഴും എല്ലാഴ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും’, ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ചത്. കര്‍ഷക സമരത്തെ പിന്തുണച്ച സെലിബ്രിറ്റികള്‍ക്കെതിരെ സച്ചിന്‍ ട്വീറ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.