സംസ്ഥാനം വെള്ളത്തിൽ മുങ്ങി, മഴ ആസ്വദിച്ച് റീലുമായി പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തലസ്ഥാന നഗരി ഉൾപ്പടെ മിക്ക ജില്ലകളിലും വെള്ളക്കെട്ടും ദുരിതവുമാണ് അവസ്ഥ. എന്നാൽ ഇതൊന്നും അറിയാത്ത ഒരാൾ ഉണ്ട്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്നല്ലേ. ജനം വെള്ളത്തിൽ മുങ്ങുമ്പോൾ പൊതുമരാമത്ത് മന്ത്രി പങ്കുവെച്ചറീൽ ആണ് `ശ്രദ്ധേയം.

‘കാതിൽ തേൻ മഴയായ് പാടൂ.. കാറ്റേ കടലേ’.. ഈ പാട്ടിനൊപ്പം സ്റ്റേറ്റ് കാർ മഴയിൽ നനയുന്നതിന്റെ ദൃശ്യങ്ങളാണ് മന്ത്രി പങ്കുവെച്ച റീലിൽ ഉള്ളത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മഴക്കാലം ആസ്വദിക്കുന്നതിന്റെ വീഡിയോ, മഴക്കാലക്കെടുതികൾ കൊണ്ട് വലഞ്ഞിരിക്കുന്ന ജനങ്ങൾക്കായി റീൽ രൂപത്തിൽ പുറത്തുവിട്ടത്. എന്നാൽ വീഡിയോ പുറത്തുവിട്ടതോടെ സംഗതി ട്രോളായി.

” കേരളത്തിൽ ഇത്രയും ജനങ്ങൾ മഴ കാരണം കഷ്ടപ്പെടുമ്പോൾ, ഇടപ്പള്ളി മുതലായ പ്രമുഖ നഗരങ്ങൾ ഇവിടെ മുങ്ങി കിടക്കുമ്പോൾ, നിങ്ങൾക്ക് മഴ, കട്ടൻ ചായ, ജോൺസൺ മാഷ് മൂഡ്.. നന്നായിട്ടുണ്ട്, നല്ല ടൈംമിംഗ്’ എന്നും മന്ത്രിമാരുടെ കൂടെയുള്ളവരിൽ പണി അറിയാവുന്ന ഏക വ്യക്തി ക്യാമറാമാൻ ആണെന്നും തരത്തിൽ നിരവധി കമന്റുകളാണ് മന്ത്രിയുടെ വീഡിയോയ്‌ക്ക് ലഭിച്ചത്.

റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താതെ മഴക്കലാമാകുമ്പോൾ റോഡാണോ, കുളമാണോ എന്ന് മനസിലാക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഇന്ന് കേരള ജനത കടന്നു പോവുന്നത്. ഇതിനിടയിലാണ് കേരളത്തിന്റെ സ്വന്തം പൊതുമരാമത്ത് മന്ത്രി മഴയുടെ സൗന്ദര്യം വർണിച്ച് രംഗത്തെത്തിയത്.