പാഴ്സലിൽ ഭക്ഷണം തയ്യാറാക്കിയ സമയം നിർബന്ധം ; പിടിവീഴും, പരിശോധന ഇന്ന് മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ഹോട്ടലുകളിലും ബേക്കറികളിലും നിന്ന് വിൽക്കുന്ന പാഴ്സൽ ഭക്ഷണത്തിൽ അവ തയ്യാറാക്കിയ സമയവും എത്ര സമയം വരെ ഭക്ഷണം കഴിക്കാമെന്നതും രേഖപ്പെടുത്തണം. ഈ വിവരങ്ങൾ അടങ്ങിയ സ്റ്റിക്കർ പതിക്കാതെ ഒരു ഭക്ഷണപ്പൊതിയും വിൽക്കാൻ പാടുള്ളതല്ല.

അതേസമയം ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് രണ്ടാഴ്ചകൂടി സാവകാശം അനുവദിച്ചു. ഇന്ന് മുതല്‍ പരിശോധന നടത്തുമെങ്കിലും ഫെബ്രുവരി 16 മുതലേ നടപടികളിലേക്ക് കടക്കൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാവകാശം വേണമെന്നുമുള്ള ഹോട്ടല്‍ സംഘടനകളുടെ അവശ്യം പരിഗണിച്ചാണ് രണ്ടാഴ്ച സാവകാശം അനുവദിച്ചത്.

എല്ലാ റജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ തുടർക്കഥയായതോടെയാണ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നിയമങ്ങൾ കടുപ്പിച്ചത്. കുഴിമന്തി കഴിച്ച് യുവതി മരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

പിന്നാലെ തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ ഉണ്ടായതും വിമർശനത്തിന്റെ ചൂട് കൂട്ടി. ഇതോടെ കർശന നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുകയായിരുന്നു. സുനാമി ഇറച്ചി പിടികൂടിയതുൾപ്പടെ ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കി.