200 ഓളം കോഴികളെ കടിച്ച് കൊന്ന് തെരുവ് നായകൾ, സംഭവം കൊരട്ടിയിൽ

തൃശൂർ: കൊരട്ടിയിൽ തെരുവ് നായകൾ 200 ഓളം കോഴികളെ കടിച്ച് കൊന്നു. കോനൂർ സ്വദേശി പൗലോസിന്റെ ഫാമിലാണ് തെരുവ് നായകളുടെ കൂട്ട ആക്രമണം. രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാനായി ഫാമിൽ എത്തിയപ്പോഴായിരുന്നു ഫാം ഉടമ സംഭവം കണ്ടത്. 200 ഓളം വരുന്ന കോഴികള്‍ കൂട്ടത്തോടെ ചത്തു കിടക്കുന്നതാണ് കണ്ടത്.

തെരുവ് നായകൾ വന്ന് പോയതിന്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. അതേസമയം, ആറ്റിങ്ങലില്‍ പതിമൂന്ന് വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. ആലംകോട് സ്വദേശി പവിത്രയ്‌ക്കാണ് കടിയേറ്റത്. അനില്‍കുമാര്‍-സിന്ധു ദമ്പതികളുടെ ഇളയ മകളാണ്. കുട്ടിയുടെ മുഖത്താണ് കടിയേറ്റത്.

ശനിയാഴ്ച വൈകുന്നേരം സ്‌കൂളില്‍ പോയി വീട്ടിലേക്ക് മടങ്ങവെയാണ് തെരുവ് നായ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് രണ്ട് സ്ഥലങ്ങളിലെ മാംസം ഇളകിപ്പോയതിനാല്‍ പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരും .