തെരുവുനായ ആക്രമിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം മലപ്പുറം തിരൂരങ്ങാടിയിൽ 12 വയസുകാരി തെരുവുനായ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. മദ്രസയിൽ പോകുന്നതിനിടെ ഒരു കൂട്ടം നായകൾ കുട്ടിയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കുട്ടി ഓടി അടുത്തുള്ള വീട്ടിൽ കയറിയതോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. കണ്ണൂർ പയ്യന്നൂരിൽ തെരുവുനായകൾ കൂട്ടമായെത്തി കോഴി ഫാമിലെ അഞ്ഞൂറോളം കോഴിയെ കൊന്നൊടുക്കിയിരുന്നു. 80,000 രൂപയുടെ നഷ്ടമാണ് ഉടമസ്ഥന് ഉണ്ടായത്.

തെരുവുനായ ആക്രമണത്തിൽ മരണം ആവർത്തിച്ചിട്ടും ഇപ്പോഴും മൗനം പാലിക്കുകയാണ് സർക്കാർ. തെരുവുനായകളുടെ ആക്രമണത്തെ തുടർന്ന് നിരവധി കേസുകളാണ് നിരന്തരം റിപ്പോർട്ട് ചെയ്യുന്നത്.