കൊറോണയ്ക്കൊപ്പം നിപ: വാളയാർ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി തമിഴ്നാട്

ചെന്നൈ: കേരളത്തിൽ കൊറോണയ്ക്കൊപ്പം നിപ കൂടി റിപ്പോർട്ട് ചെയ്തതോടെ വാളയാർ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി തമിഴ്നാട്.

പരിശോധനയ്ക്ക് അതിർത്തിയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി എസ് സമീരൻ അറിയിച്ചു.

അതിർത്തി കടക്കുന്ന വാഹനങ്ങളിൽ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും കോയമ്പത്തൂർ ജില്ലാ കളക്ടർ പറഞ്ഞു.

ഒരു ഡോസ് വാക്സിനെടുത്തതോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നെങ്കില്‍ ചെക്പോസ്റ്റ് കടത്തിവിടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും കടത്തിവിടരുത് എന്ന് നിര്‍ദേശം ചെക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കികിട്ടുണ്ട്.