കളിക്കാനായി സ്കൂൾ ഗ്രൗണ്ടിലെത്തിയ വിദ്യാർത്ഥി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ; സംഭവം കാസർകോട്

കാസർകോട്: വിദ്യാർത്ഥിയെ സ്‌കൂളിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുണ്ടംകുഴിയിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയും വിനോദിന്റെയും ശാലിനിയുടെയും മകൻ അഭിനവാണ് മരിച്ചത്. 17 വയസായിരുന്നു പ്രായം.

അഭിനവ് പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ സെന്റ് ഓഫ് പരിപാടികൾ സ്കൂളിൽ വെച്ച് നടന്നപ്പോൾ സന്തോഷത്തോടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അടുത്ത ദിവസം പരീക്ഷകൾ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് സ്കൂൾ ഗ്രൗണ്ടിലെത്തിയ അഭിനവ് കളിക്കാതെ ഗ്രൗണ്ടിനടുത്ത് ഇരിക്കുകയായിരുന്നു.

സാധാര ഏറെ നേരം മൈതാനത്ത് ഇരിക്കാറുള്ള അഭിനവ് പതിവിലും നേരത്തെ മടങ്ങി. എന്നാൽ പരീക്ഷയുടെ തയ്യാറെടുപ്പുകൾ നടത്താനിരിക്കെ, കളിക്കാൻ പോയ മകൻ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തത് കണ്ട് അച്ഛൻ വിനോദ് തിരക്കിയിറങ്ങി. സ്കൂളിലേക്കുള്ള വഴിയിലെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അച്ഛൻ വിനോദ് മകനെ കണ്ടത്.

അഭിനവിന് സ്കൂൾ വിദ്യാർത്ഥിനിയായ സഹോദരിയുണ്ട്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അഭിനവിന്റെ മരണം സഹപാഠികൾക്കും നൊമ്പരമായി മാറി. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. സംഭവത്തിൽ ദുരൂഹത ഒന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം.