ബാലവകാശ കമ്മിഷന്റെ ഇടപെടൽ; വിദ്യാർത്ഥിയെ തിരിച്ചെടുത്ത് സ്‌കൂൾ മാനേജ്‌മെന്റ്

കോഴിക്കോട് : ബാലവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് സ്‌കൂളില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു. കോഴിക്കോട് സെന്റ്.ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എ.ആര്‍. മാധവനെയാണ് തിരിച്ചെടുത്തത്. അറ്റന്‍ഡസ് കുറവ്‌ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥിക്കെതിരായ മാനേജ്‌മെന്റിന്റെ നടപടി.

സംഭവത്തിൽ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമായിരുന്നു തിരിച്ചെടുക്കല്‍. മകനെ സ്‌കൂളില്‍നിന്നു പുറത്താക്കിയ നടപടിക്കെതിരേ അച്ഛനും സാമൂഹ്യ പ്രവര്‍ത്തകനുമായ അനൂപ് ഗംഗാധരന്‍ രംഗത്ത് വന്നിരുന്നു. മാധ്യമങ്ങൾ ഉൾപ്പടെ സംഭവം വർത്തയാക്കിയിരുന്നു. ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ ഇന്ന് (ബുധനാഴ്ച) ഹിയറിങ് നടത്തുകയായിരുന്നു.

കുട്ടിയെ തിരികെ എടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്‌ അനൂപ് ഗംഗാധരനാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അതേ സമയം ഡെപ്യൂട്ടി ഡയറക്ടറുടെ കത്ത് ലഭിച്ചാല്‍ പ്രവേശിപ്പിക്കാന്‍ മറ്റ് തടസങ്ങളൊന്നുമില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.