യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമിതി ഗതാഗതമന്ത്രിയ്ക്ക് നിവേദനം നൽകി

തിരുവനന്തപുരം ∙ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിനു നിവേദനം നൽകി. ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ തീരുമാനിച്ചിട്ടുള്ള നിരക്കുമായി മുന്നോട്ടു പോകാനാകില്ലെന്നു സമിതി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ മിനിമം നിരക്ക് ആറു രൂപയാക്കണമെന്നാണ് സമിതിയുടെ ആവശ്യം. തുടർന്നു വരുന്ന നിരക്കിന്റെ 50 ശതമാനവും വിദ്യാർഥികളിൽനിന്ന് ഈടാക്കണം. നിലവിൽ രണ്ടര കിലോമീറ്റർ സഞ്ചരിക്കാൻ ഒരു രൂപയാണ് വിദ്യാർഥികളുടെ മിനിമം നിരക്ക്. ഏഴര കിലോമീറ്ററിനു രണ്ടു രൂപയും 12.5 കിലോമീറ്ററിനു മൂന്ന് രൂപയുമാണ് നിരക്ക്.

സ്വകാര്യ ബസുകളിൽ കയറുന്നത് കൂടുതലും വിദ്യാർഥികളായതിനാൽ നിരക്കു വർധന അനിവാര്യമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. നിരക്കു വർധിപ്പിച്ചില്ലെങ്കിൽ സർവീസുകൾ തുടരാൻ സാധിക്കാതെ വരുമെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.