സുനന്ദ പുഷ്‌കര്‍ കേസ്: ചീഫ് മെട്രോ പൊളിറ്റന്‍ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസ് ഡെല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെതിരെയുള്ള കുറ്റപത്രത്തില്‍ വിചാരണ നടപടികള്‍ക്കായാണ് കേസ് അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലേയ്ക്ക് മാറ്റിയത്.

മജിസ്‌ട്രേറ്റ് സമര്‍ വിശാലിന്റെ കോടതി വൈകീട്ട് മൂന്ന് മണിക്കാണ് കേസ് പരിഗണിക്കുക. ഈ മാസം 14 നാണ് ഡെല്‍ഹി പൊലീസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പരമാവധി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന ആത്മഹത്യ പ്രേരണ കുറ്റവും മൂന്ന് വര്‍ഷം വരെ ശിക്ഷക്ക് വ്യവസ്ഥയുള്ള ഗാര്‍ഹിക പീഡന കുറ്റവുമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

സുനന്ദയുടെത് ആത്മഹത്യയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂരിനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം ഡെല്‍ഹി പട്യാല ഹൗസ് കോടതി വിചാരണ നടപടികള്‍ക്കായി മെയ് 24ന് പരിഗണിച്ചപ്പോഴാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസ് പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റിയത്.

ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവ് നശിപ്പിക്കല്‍ വകുപ്പ് കൂടി ശശി തരൂരിനെതിരെ ചുമത്തണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി അപേക്ഷ നല്‍കിയിട്ടുണ്ട്. കേസിന്റെ തെളിവുകളെല്ലാം നേരത്തെ തന്നെ നശിപ്പിക്കപ്പെട്ടത് കൊണ്ടാണ് കൊലപാതകം കണ്ടെത്താതെ പോയതെന്നാണ് ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ നിലപാട്.

പൊലീസിന്റെ അവിശ്വസനിയമായ കണ്ടെത്തലുകളെ കോടതിയില്‍ നിയമപരമായി എതിര്‍ക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.