സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തി, സപ്ലൈകോ മാനേജർക്ക് സസ്പെൻഷൻ

കോഴിക്കോട്: സാധനങ്ങൾ സ്റ്റോക്കില്ലെന്ന് വിലവിവരപ്പട്ടികയിൽ രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്തു. ഔട്ട്‌ലെറ്റ് മാനേജർ കെ. നിധിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സപ്ലൈകോ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.

വിലവിവരപ്പട്ടികയിൽ സാധനങ്ങളുടെ സ്റ്റോക്ക് എത്രയെന്ന് കാണിക്കേണ്ട കോളത്തിൽ എല്ലാത്തിനും നേരെ ‘ഇല്ല’ എന്ന് രേഖപ്പെടുത്തിയ ബോർഡ് കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. വിഷയം നിയമസഭയിലും ചർച്ചയായി. പിന്നാലെ ഭക്ഷ്യമന്ത്രി കോഴിക്കോട് അസിസ്റ്റന്റ് മേഖലാ മാനേജരോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു.

അന്വേഷണത്തിൽ സ്റ്റോക്ക് ഇല്ലെന്ന് രേഖപ്പെടുത്തിയ പലസാധനങ്ങളും സ്റ്റോക്കുണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെ ഔട്ട്‌ലെറ്റ് മാനേജർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിൽ തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാലാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്നത്.