ആദ്യമായി സ്വവർഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം

ചരിത്രത്തിലാദ്യമായി സ്വവർഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. അഭിഭാഷകനായ സൗരഭ് കിർപാൽ ഡൽഹി ഹൈക്കോടതി ജഡ്ജിയാകും. സുപ്രിംകോടതി കൊളീജിയത്തിന്റേതാണ് നിർദേശം. മുൻപ് രണ്ട് തവണ അഭിഭാഷകനായ സൗരഭ് കിർപാലിന്റെ പേര് കൊളീജിയം മടക്കിയിരുന്നു.

നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് സൗരഭ്. ഈ കേസാണ് 2018ൽ സ്വവർഗാനുരാഗം ഡീക്രിമിനലൈസ് ചെയ്യുന്നതിലേക്ക് നയിച്ചത്. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് യു.യു ലളിത്, എഎം ഖാൻവിൽകർ, ഡിവൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട കൊളീജിയമാണ് സൗരഭിന്റെ പേര് നിർദേശിച്ചത്.

2017 ൽ ഡൽഹി ഹൈക്കോടതി ഏകകണ്ഠമായി സൗരഭ് കിർപാലിന്റെ പേര് നിർദേശിച്ചിരുന്നു. എന്നാൽ ഇന്റലിജൻസ് ബ്യൂറോ നടത്തിയ പരിശോധന കിർപാലിന് തിരിച്ചടിയായി. കിർപാലിന്റെ പങ്കാളി വിദേശ പൗരനാണെന്ന കാരണം ചൂണ്ടിക്കാട്ടി ഐബി നിയമനത്തിനെതിരായി 2018 ലും 2019 ലും റിപ്പോർട്ട് സമർപ്പിച്ചു.

തുടർന്ന് മാർച്ച് 2021 ൽ സിഡിഐ എസ്എ ബോബ്‌ഡെ വിഷയത്തിൽ വ്യക്തത തേടി കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇതിന് മറുപടിയായി കിർപാലിന്റെ പങ്കാളി സ്വിസ് എംബസിയിലെ ജീവനക്കാരനാണെന്ന് ചൂണ്ടിക്കാട്ടി. മാർച്ച് 2021 ൽ ഡൽഹി ഹൈക്കോടതിയിൽ കിർപാലിനെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ കിർപാൽ രണ്ട് പതിറ്റാണ്ടിലേറെയായി അഭിഭാഷകനായി പ്രവർത്തിക്കുകയാണ്. സൗരഭ് കിർപാലിന്റെ അച്ഛൻ ബിഎൻ കിർപാൽ ചീഫ് ജസ്റ്റിസായിരുന്നു.

താൻ സ്വവർഗാനുരാഗിയായതാണ് തന്നെ ജഡ്ജിയായി നിയമിക്കുന്നതിൽ നിന്ന് മാറ്റി നിർത്താൻ കാരണമെന്ന് സൗരഫ് കിർപാൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പങ്കാളി വിദേശ വനിത ആയിരുന്നുവെങ്കിൽ ഇതൊര കാരണമാകില്ലായിരുന്നുവെന്നും കിർപാൽ സൗരഭ് പറയുന്നു.