നിയമസഭാ കയ്യാങ്കളി; ഈ നേതാക്കള്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സുപ്രിംകോടതി; രൂക്ഷ വിമര്‍ശനം

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെ എംഎല്‍എമാരുടെ പ്രവൃത്തികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാനാകില്ല. എം.എല്‍.എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

എന്ത് സന്ദേശമാണ് നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും നേതാക്കള്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജസ്റ്റിസ് എംആര്‍ ഷാ ചോദിച്ചു. ബജറ്റ് തടസപ്പെടുത്താനാണ് എംഎല്‍എമാര്‍ ശ്രമിച്ചത്. എംഎല്‍എമാരുടെ പ്രവൃത്തി അംഗീകരിക്കാനാവില്ല. മൈക്ക് വലിച്ചൂരു തറയിലെറിഞ്ഞ എംഎല്‍എ വിചാരണ നേരിടുക തന്നെ വേണമെന്നും കോടതി നിരീക്ഷിച്ചു.

കേസ് 15ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ആറ് എംഎല്‍എമാരുടെയും അപ്പീലുകള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. അതേസമയം കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാകന്‍ രഞ്ജിത് കുമാര്‍ അറിയിച്ചു. ഇതാണ് സഭയില്‍ അനിഷ്ട സംഭവം ഉണ്ടാകുന്ന നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ നിയമസഭ തന്നെ എം.എല്‍.എമാര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ മറ്റും ആവശ്യമില്ലെന്നും രഞ്ജിത് കുമാര്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനെ കോടതി ശക്തമായി എതിര്‍ത്തു. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന് മാത്രമാണ് ഈ കേസ് പിന്‍വലിക്കാനുള്ള അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആരാഞ്ഞു.