മുല്ലപ്പെരിയാർ അണക്കെട്ട്; റൂൾ കർവ്വുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ റൂൾ കർവ്വുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതോടൊപ്പം അന്തിമ വാദം കേൾക്കുന്ന തീയതി കോടതി ഇന്ന് അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടാകാമെന്നും കോടതിയിൽ അത് അനുവദിക്കില്ലെന്നും കോടതി കഴിഞ്ഞ വാദത്തിൽ അറിയിച്ചിരുന്നു. കേരള സർക്കാരിന് രൂക്ഷ വിമർശനമാണ് സുപ്രീം കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഡാമിന്റെ ഷട്ടർ തുറക്കണോ വേണ്ടയോ എന്ന് സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി തീരുമാനിക്കട്ടെ എന്നും കോടതി അറിയിച്ചു. ഷട്ടർ തുറക്കുന്ന സമയം, തോത് എന്നിവ തീരുമാനിക്കാൻ കേരളത്തിന്റെയും തമിഴ്നാടിന്റെയും സംയുക്ത സമിതി വേണമെന്ന ആവശ്യവും കോടതി തള്ളി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തുടർച്ചയായി അപേക്ഷകൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.