രാജ്യത്തെ ദളിത് ക്രൈസ്തവ മുസ്ലിം വിഭാഗങ്ങളെ പട്ടിക വിഭാഗത്തില്‍ പെടുത്തണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി. പട്ടികവിഭാഗത്തില്‍ ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഇത് സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുവാന്‍ രൂപീകരിച്ച ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ഈ വിഷയത്തിലെ ഹര്‍ജികള്‍ രണ്ട് പതിറ്റാണ്ടായി കോടതിയില്‍ പരിഗണനയിലുള്ളതാണെന്ന് കോടതി പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ രൂപികരിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്‍ ഈ വിഷയത്തില്‍ നടത്തിയ പഠനത്തില്‍ മതം മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗത്തിന്റെ അനുകൂല്യം നല്‍കണമെന്നായിരുന്നു ജസ്റ്റിസ് രംനാഥ് മിശ്ര കമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍ രംഗനാഥ് മിശ്രയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. താഴേത്തട്ടില്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ദളിത് വിഭാഗത്തില്‍ നിന്നും ക്രൈസ്തവ, മുസ്ലീം മതത്തിലേക്ക് മാറിയവര്‍ക്ക് ആനുകൂല്യം നല്‍കുവാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലുള്ള പീഡനങ്ങള്‍ ദളിത് മുസ്ലീങ്ങളും ക്രൈസ്തവരും അനുഭവിച്ചതിന് രേഖകള്‍ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.