തരികിട റോളുകളില്‍ നിന്ന് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, സുരാജ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങളിലാണ് നടന്‍ തിളങ്ങിയത്. നിരവധി ചിത്രങ്ങളില്‍ ഹാസ്യ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. എന്നാല്‍ പിന്നീട് ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല ഏത് വേഷവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ചെറിയ വേഷത്തില്‍ താരം പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു. ഇപ്പോള്‍ സുരാജ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സീരിയസ് വേഷങ്ങളിലേക്ക് തനിക്ക് മാറണം എന്ന് തോന്നിയ അനുഭവത്തെ കുറിച്ചാണ് സുരാജ് തന്റെ മനസ് തുറന്നത്.

സുരാജിന്റെ വാക്കുകള്‍ ഇങ്ങനെ, ‘കോമഡി വേഷങ്ങള്‍ ചെയ്തു ചെയ്തു മടുത്തപ്പോഴാണ് രഞ്ജിയേട്ടനോട് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ നീ കോമഡി കളിച്ചു നിറഞ്ഞു നില്‍ക്കുവല്ലേ അത് തുടരട്ടെ നിന്നെ മാറ്റി പരീക്ഷിക്കണമെന്ന് തോന്നുമ്പോള്‍ അത് ഉണ്ടാവുക തന്നെ ചെയ്യുമെന്ന് പറഞ്ഞതോടെ എനിക്ക് ആത്മവിശ്വാസം കൂടി.’

‘രഞ്ജിയേട്ടന്‍ എനിക്ക് സ്പിരിറ്റില്‍ വേറിട്ട ഒരു വേഷവും നല്‍കി. ദേശീയ പുരസ്‌കാരം ലഭിച്ചു കഴിഞ്ഞു ആ അവാര്‍ഡ് വീട്ടില്‍ കൊണ്ട് വെച്ചതാല്ലാതെ കൂടുതല്‍ ആളുകള്‍ ആ സിനിമ കാണാത്തത് കൊണ്ട് അവരുടെ അംഗീകാരം എനിക്ക് ലഭിച്ചില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം കണ്ടിട്ടാണ് പ്രേക്ഷകര്‍ എനിക്ക് അവാര്‍ഡ് നല്‍കിയത്. എല്ലാ സിനിമയിലും നായകന്റെ കൂട്ടുകാരനായി കോമഡി പറഞ്ഞു മടുത്തപ്പോഴാണ് ഞാന്‍ രഞ്ജിയേട്ടനോട് ചാന്‍സ് ചോദിച്ചത്. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രവും എബ്രിഡ് ഷൈനിനോട് ചോദിച്ചു വാങ്ങിയതാണ്’.