ബിനോയ് തോമസിന്റെ വീട്ടിലെത്തി സുരേഷ് ഗോപി, കുടുംബത്തെ ആശ്വസിപ്പിച്ചു

തൃശൂർ : കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ വീട്ടിലെത്തി സുരേഷ് ഗോപി. ബിനോയ് തോമസിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു.
രണ്ടരയോട് കൂടിയാണ് മൃതദേഹം വസതിയിലെത്തിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനം പുരോഗമിക്കുകയാണ്.

വീട്ടിലെത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വൈകിട്ട് കുന്നംകുളം സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം പൂർത്തിയാക്കാനായി 5 ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലെത്തിയത്.

തെക്കൻപാലയൂർ കൊച്ചിപ്പാടത്തെ അഞ്ചുസെന്റിൽ വീട് പണിയണമെന്നതായിരുന്നു ബിനോയിയുടെയും കുടുംബത്തിന്റെയും ആഗ്രഹം. ഇവിടെ ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡിലാണ് ബിനോയും കുടുംബവും താമസിച്ചിരുന്നത്. കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം പൂർത്തിയാക്കി നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.