അമ്മയുടെ ഗുരുനാഥനെ കാണാന്‍ സുരേഷ് ഗോപി എത്തി, മതിലിന് പുറത്ത് നിന്ന് കുശലം, കാരണം ഇതാണ്

മതിലിന് പുറത്ത് നിന്നും മലയാളത്തിന്റെ സൂപ്പര്‍ താരം മലയാളത്തിന്റെ ഗുരുശ്രേഷ്ഠനോട് വിളിച്ചു പറഞ്ഞു, ‘എന്റെ അമ്മയുടെ അധ്യാപകനാണെന്നത് ഇവര്‍ക്കെല്ലാം പറഞ്ഞുകൊടുക്കണം.’ നാട്ടുകാര്‍ക്കും ഒത്തു കൂടിയവര്‍ക്കും ഒക്കെ വളരെ സന്തോഷകരമായ ദൃശ്യം. നടനും എംപിയുിമായ സുരേഷ് ഗോപിയാണ് എറണാകുളം കാരിക്കാമുറിയിലെ സന്ധ്യയുടെ മതിലിന് പുറത്ത് നിന്നാണ് ഗൃഹനാഥനോട് ഇത്തരത്തില്‍ വിളിച്ചുപറഞ്ഞത്. പഫ.എം.കെ.സാനു ആങ്ങനെയാകട്ടെ എന്ന് മറുപടിയും നല്‍കി.

ഇന്നലെ രാവിലെയായിരുന്നു ഈ സൗഹൃദ സമാഗമം. സുരേഷ് ഗോപിയുടെ അമ്മ ജ്ഞാനലക്ഷ്മിയെ ആലപ്പുഴ വളഞ്ഞവഴിക്കല്‍ സന്മാര്‍ഗ ദീപിക സ്‌കൂളില്‍ എം കെ സാനു പഠിപ്പിച്ചിട്ടുണ്ട്. സിനിമ ഡബ്ബിംഗുമായി ബന്ധപ്പെട്ട് നഗരത്തില്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. സാനുമാഷിന്റെ വീട്ടില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അത് പ്രകാരം എംകെ സാനുവും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പുറപ്പെടുമ്പോഴേക്കും ചെറിയൊരു ക്ഷീണവും പനിയുടെ ലക്ഷണങ്ങളുമുണ്ടായി. ഇതോടെ കോവിഡോ മറ്റോ ആണെങ്കില്‍ എം കെ സാനുവിനെ വീട്ടില്‍ ചെന്ന് കാണുന്നതില്‍ അപാകതയുണ്ടെന്ന് തോന്നിയതോടെ ആശങ്ക അദ്ദേഹം സുഹൃത്തുക്കളോട് പങ്കുവെച്ചു. എന്നാല്‍ സാനുമാഷ് കാത്തിരിക്കുകയാണെന്ന് മനസിലായതോടെ മതിലിന് പുറത്തെത്തി കാണാന്‍ തീരുമാനിച്ചു.

രാവിലെ 9.50 ആയപ്പോള്‍ കാരിക്കാമുറിയിലെ വീടിന് പുറത്ത് മതിലിന് പുറത്ത് നിന്ന് സുരേഷ് ഗോപി അദ്ദേഹത്തോട് സംസാരിച്ചു. ആ മുഖമൊന്നു കാണട്ടെ എന്നു സാനു മാസ്റ്റര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മാസ്‌ക് താഴ്ത്തി മുഖം കാണിക്കാനും സുരേഷ് ഗോപി തയാറായി. പ്രഫ.സാനുവും മകന്‍ രഞ്ജിത്തും ചാവറ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശേരിയും ബിജെപി സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാലും വരാന്തയിലുണ്ടായിരുന്നു. സമ്മാനമായി കുറച്ചു മധുരപലഹാരങ്ങള്‍ രാജഗോപാല്‍വഴി സുരേഷ് ഗോപി എത്തിച്ചിരുന്നു. ശിഷ്യയുടെ പുത്രനു നല്‍കാനായി തന്റെ ഏതാനും പുസ്തകങ്ങള്‍ സാനു കരുതിയിരുന്നെങ്കിലും നേരില്‍ വന്നു വാങ്ങാമെന്ന വാഗ്ദാനത്തോടെ ഏതാനും നിമിഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപി മടങ്ങുകയായിരുന്നു.