സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു ജീവിതമാണ്.

റിസ്വാനയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴിയാണ് ലോകമറിഞ്ഞത്. വാര്‍ത്ത പുറം ലോകമറിഞ്ഞതോടെ റിസ്വാനയ്ക്ക് സന്‍മനസ്സുള്ളവരുടെ സഹായ ഹസ്തം നീളുകയായിരുന്നു. അതിനിടയില്‍ ചികിത്സാ സഹായം പൂര്‍ണമായും നല്‍കി സുരേഷ് ഗോപി രംഗത്തെത്തി. മകള്‍ ചക്രകസേരയില്‍ നിന്നിറങ്ങണമെന്ന് മാത്രമായിരുന്നു അമ്മ സജിനയുടെ ആഗ്രഹം. ശസ്ത്രക്രിയക്ക് വേണ്ട മുഴുവന്‍ തുകയും സുരേഷ് ഗോപി നല്‍കുകയും ചെയ്തു.

ഇപ്പോഴിതാ, കണ്ണൂരിലെത്തിയ സുരേഷ് ഗോപിയെ കാണാന്‍ എത്തിയിരിക്കുകയാണ് റിസ്വാന. ‘പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്റെ ലൈഫ് തന്നെയാണ് എനിക്ക് തിരിച്ചുതന്നത്. സര്‍ജറി ചെയ്തില്ലായിരുന്നെങ്കില്‍ ഫുള്‍ കിടപ്പിലായിപ്പോയെനെ. ജീവിതത്തിലേക്ക് കൊണ്ടുവന്ന സാറിനോട് നന്ദി പറയാന്‍ വന്നതാണ്. വാര്‍ത്ത കണ്ടതിന് ശേഷം ഒരുപാട് ആളുകള്‍ പ്രാര്‍ത്ഥിക്കാം എന്നുവരെ പറഞ്ഞിരുന്നു. നടക്കാന്‍ പറ്റുന്നതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ഇപ്പോഴുണ്ട്. -സുരേഷ് ഗോപിയെ കാണാനെത്തിയ റിസ്വാന പറയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞു, തളര്‍ന്നിരുന്ന കാലുകള്‍ കരുത്തോടെ ചുവടുവച്ചു. കണ്ണൂരിലെത്തിയ സുരേഷ് ഗോപിയെ കാണാനും റിസ്വാന നടന്നെത്തിയതാണ് സന്തോഷം. വാടകവീടൊഴിയണമെന്നും കടങ്ങളെല്ലാം തീര്‍ക്കണമെന്നും റിസ്വാന പറയുന്നു.