എല്ലാ സിനിമകളിലെ പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക്, സുരേഷ് ഗോപിയുടെ പ്രഖ്യാപനം

കോവിഡും ലോക്ക്ഡൗണുമൊക്കെ ആയതോടെ ഏറെ ബുദ്ധിമുട്ടിലാണ് കേരളത്തിലെ മിമിക്രി കലാകാരന്മാര്‍. പരപാടികള്‍ ഇല്ലാതയതും ഓണം അടക്കമുള്ള സീസണുകളില്‍ ലഭിച്ചിരുന്ന പരിപാടികള്‍ ഇല്ലാതായതുമാണ് ഇവരുടെ വരുമാനം ഇല്ലാതാകാന്‍ കാരണമായത്. കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന മിമിക്രി താരങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരങ്ങളുടെ സംഘടനയായ മാ. ഈ ആവശ്യവുമായി ചേര്‍ന്ന് ഒരു ചാനലില്‍ മാമാങ്കം എന്ന പരിപാടിയും നടത്തി. മലയാള സിനിമയിലെ മിമിക്രി താരങ്ങള്‍ക്കൊപ്പം നടനും എംഎല്‍എയുമായ സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. മലയാളത്തില്‍ മിമിക്രി താരങ്ങളായി എത്തി പിന്നീട് ചലച്ചിത്ര താരങ്ങളായി മാറിയ കോമഡി താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മാമാങ്കം ഷോ ഒരുക്കിയത്.

സിദ്ദിഖ്, ഷാജോണ്‍, കോട്ടയം നസീര്‍, ടിനി ടോം, ദിലീപ് സുരേഷ്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍ തുടങ്ങി മിമിക്രി രംഗത്ത് നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാ സംഘടനയുടെ പുതിയ രക്ഷാധികാരികളില്‍ ഒരാളായി സുരേഷ് ഗോപിയെ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപി മറ്റൊരു നിര്‍ണ്ണായക പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്. മാ സംഘടനയ്ക്ക് വേണ്ടി സാമ്പത്തിക സഹായം നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ ഇനി മുതല്‍ അഭിനയിക്കുന്ന ഓരോ സിനിമകളില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം വീതം മാ സംഘടനയ്ക്ക് നല്‍കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം.

‘വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ ദാനമല്ല, ലെവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്’,- സുരേഷ് ഗോപി പറഞ്ഞു. സുരേഷേട്ടന് ഒരുപാട് സിനിമകള്‍ കിട്ടാന്‍ നമ്മളെല്ലാവരും പ്രാര്‍ത്ഥിക്കണം. രണ്ട് രൂപ വീതം കിട്ടുന്നതാണ്. എന്നിട്ട് ആ പണമെല്ലാം കൂട്ടിവെച്ച് മാ സംഘടന സുരേഷേട്ടനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യും. അതില്‍ സുരേഷേട്ടന്‍ ഫ്രീയായി അഭിനയിക്കുകയും ചെയ്യുമെന്ന് ദിലീപ് പറഞ്ഞു.