ഞാന്‍ തുന്നിയ ഷര്‍ട്ടാണ് സുരേഷ് ഗോപിയുടെ മകള്‍ മരിച്ചപ്പോള്‍ കുഞ്ഞിനെ പുതപ്പിച്ചത്- ഇന്ദ്രന്‍സ്

മലയാളികളെ എന്നും ചിരിപ്പിച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. അദ്ദേഹം സിനിമയിലേക്ക് എത്തുന്നത് വസ്ത്രാലങ്കാരകനായിട്ടാണ്. ഇപ്പോഴിത അദ്ദേഹം തന്റെ ജീവിതനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ മകള്‍ മരിച്ചപ്പോള്‍ ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ടാണ് പുതപ്പിച്ചതെന്ന് അദ്ദേഹം തുറന്ന് പറയുന്നു. സുരേഷ് ഗോപിയും മുമ്പ് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ദ്രന്‍സ് തുന്നിയ ഷര്‍ട്ടിന്റെ ചൂടേറ്റാണ് തന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നതെന്നും. ഇന്ദ്രന്‍സിനോട് ഒരുപാട് സ്‌നേഹം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഉത്സവമേളം എന്ന സിനിമയില്‍ വസ്ത്രാലങ്കാരകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ മകള്‍ മരിക്കുന്നത്. സുരേഷ് ഗോപിയായിരുന്നു ആ ചിത്രത്തിലെ മുഖ്യകഥാപാത്രമെന്ന് ഇന്ദ്രന്‍സ് പറയുന്നു. താന്‍ അന്ന് തുന്നിക്കൊടുത്ത മഞ്ഞ കളറുള്ള ഷര്‍ട്ടിനോട് സുരേഷ് ഗോപിക്ക് വലിയ ഇഷ്ടമായിരുന്നു. ആ ഷര്‍ട്ട് തനിക്ക് തരണമെന്നും മകള്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞതായി ഇന്ദ്രന്‍സ് പറയുന്നു.

മകള്‍ക്ക് അപകടം സംഭവിക്കുന്ന സമയത്ത് അദ്ദേഹം ധരിച്ചതും ആ ഷര്‍ട്ടാണ്. അന്ന് ആ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ആ മഞ്ഞ ഷര്‍ട്ട് ഊരി അവളെ പുതപ്പിക്കുകയാണ് ചെയ്തതെന്നും. ഇന്നും അക്കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ വിഷമമാണെന്നും ഇന്ദ്രന്‍സ് പറയുന്നു.