സുരേഷ് ഗോപിയുടെ ജനസമ്പർക്ക പരിപാടി മുംബൈയിലും പൂനെയിലും

മുംബൈ: നടനും മുന്‍ എം.പി.യുമായ സുരേഷ് ഗോപിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ‘എസ്.ജി. കോഫി ടൈംസ്, ഹൃദയപൂര്‍വം സുരേഷ് ഗോപി’ മുംബൈയിലും പുണെയിലും സംഘടിപ്പിക്കുന്നു. മാര്‍ച്ചിലാണ് പരിപാടി.ബിജെപി മഹാരാഷ്‌ട്ര കേരള സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തൃശ്ശൂരിലെ വിവിധഭാഗങ്ങളില്‍ സംഘടിപ്പിച്ച എസ്.ജി. കോഫി ടൈംസ് പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുവാനും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള ജനസമ്പര്‍ക്ക പരിപാടിയായിരുന്നു. തൃശ്ശൂരില്‍ സംഘടിപ്പിച്ച പരിപാടികളില്‍ വിവിധ വിഷയങ്ങളില്‍ പരിഹാരങ്ങള്‍ കണ്ടെത്തിയിരുന്നുവെന്ന് ബി.ജെ.പി. മഹാരാഷ്ട്ര കേരള സെല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ബി. ഉത്തംകുമാര്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ ജനസമ്പര്‍ക്ക പരിപാടി മഹാരാഷ്ട്രയിൽ ആദ്യമായാണ്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെയും മഹാരാഷ്‌ട്രയിൽ മലയാളി വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെയും വിജയത്തിന് വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് കെ.ബി ഉത്തംകുമാർ പറഞ്ഞു.