മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായവുമായി സൂര്യ

അപകടത്തില്‍ മരിച്ച തന്റെ ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി നടന്‍ സൂര്യ. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ജഗദീഷ് എന്ന 27കാരനാണ് മരിച്ചത്. മരണ വിവരം അറിഞ്ഞതിന് പിന്നാലെ സൂര്യ ജഗദീഷിന്റെ വീട്ടില്‍ എത്തുകയും പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തെ ചേര്‍ത്ത് പിടിക്കുകയുമായിരുന്നു.

അപകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കൊണ്ടുപോകുന്ന വഴി ആയിരുന്നു മരണം സംഭവിച്ചത്. വിവരം അറിഞ്ഞ് സൂര്യ ആരാധകന്റെ വീട്ടില്‍ എത്തുകയും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. അര മണിക്കൂറോളം ജഗദീഷിന്റെ വീട്ടില്‍ നടന്‍ ചിലവഴിച്ചു.

ജഗദീഷന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും സൂര്യ ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. മാത്രമല്ല ഈ കുടുംബത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പം വേണമെന്ന് തന്റെ ആരാധക കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോടും സൂര്യ അഭ്യര്‍ഥിച്ചു.

നേരത്തെ സൂര്യ പുതിയ സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സൂര്യ തന്നെയാണ് തീരുമാനിച്ചത്.