ഞാന്‍ നിങ്ങളെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കും, സിദ്ദിഖിന്റെ വീട്ടിലെത്തി ദുഖത്തിൽ പങ്കുചേർന്ന് സൂര്യ

സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് തമിഴ്‌നടൻ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് താരം അനുശോചനം അറിയിച്ചത്. കുടുംബത്തോടൊപ്പം അൽപ്പം സമയം ചെലവഴിച്ചാണ് സൂര്യ മടങ്ങിയത്. നിർമാതാവ് രാജശേഖറും താരത്തിനൊപ്പമുണ്ടായിരുന്നു. മലയാളത്തിൽ സൂപ്പർഹിറ്റായ ഫ്രണ്ട്സിന്റെ തമിഴ് റീമേക്ക് ഒരുക്കിയതും സിദ്ദിഖ് ആയിരുന്നു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിൽ മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൂര്യ തമിഴിൽ അവതരിപ്പിച്ചത്. 2001 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി. സൂര്യയുടെയും വിജയിന്റെയും കരിയറിൽ ഫ്രണ്ട്സ് ആണ് വഴിത്തിരിവായത്.

സിദ്ദിഖിന്റെ വിയോഗമറിഞ്ഞ ശേഷം സൂര്യ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന ഓർമകൾ അദ്ദേഹത്തോടൊപ്പമുണ്ടെന്നും സ്വന്തം കഴിവിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം നൽകിയത് അദ്ദേഹമാണ്.സിദ്ദിഖ് സാറിന്റെ വിയോഗം നൽകിയ വിടവ് നികത്താനാകില്ല. എന്റെ ഹൃദയത്തിൽ തൊടുന്ന അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു എന്നും സൂര്യ കുറിച്ചിരുന്നു. ഫ്രണ്ട്‌സ് എന്ന സിനിമ എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ പ്രകടനം അൽപ്പം മെച്ചപ്പെടുത്തിയാൽ പോലും അദ്ദേഹം വലിയ പ്രചോദനം നൽകും. ചിത്രീകരണത്തിലായാലും എഡിറ്റിങ് നടക്കുമ്പോഴാണെങ്കിലും എന്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നീരീക്ഷണങ്ങൾ പങ്കുവയ്ക്കും.

അതും നിരുപാധികമായ സ്നേഹത്തോടെ. അദ്ദേഹമാണ് എന്നെ ഫിലിം മേക്കിങ് ആസ്വദിക്കാൻ പഠിപ്പിച്ചത്. ഞങ്ങളെ എല്ലാവരെയും ഒരുപോലെയാണ് അദ്ദേഹം കണ്ടത്. ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെടുന്നതോ ശബ്ദം ഉയർത്തി സംസാരിക്കുന്നതോ കണ്ടിട്ടില്ല. അദ്ദേഹത്തോടുള്ള അനുഭവം ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കും.

എനിക്ക് ആത്മവിശ്വാസം നൽകിയും എന്റെ കഴിവിൽ വിശ്വസിക്കാൻ പഠിപ്പിച്ചതും അദ്ദേഹമാണ്. വർഷങ്ങൾക്കും ശേഷവും എവിടെ വച്ചു കണ്ടാലും അദ്ദേഹം സ്നേഹത്തോടെ എന്റെ കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിക്കും. എന്റെ തുടക്കക്കാലത്ത് എന്നിൽ ഇത്രയും വിശ്വാസം അർപ്പിച്ചതിന് നന്ദി. ഞാൻ താങ്കളെ മിസ് ചെയ്യും. താങ്കളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. താങ്കളുടെ ഓർമകൾ എന്റെ മുന്നോട്ടുള്ള യാത്രയിൽ ചേർത്ത് പിടിക്കും- സൂര്യ കുറിച്ചു.