പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്പെൻ്റ് ചെയ്തത്.

രാഹുലിന് ബംഗളൂരുവിലേക്ക് രക്ഷപ്പെടാനാണ് പൊലീസ് സഹായം നൽകിയത്. ഇയാൾക്കെതിരെ സ്പെഷൽ ബ്രാഞ്ച് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, സ്പെഷൽ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനിൽ പരാതിയുമായെത്തിയത് റിപ്പോർട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം.

കൂടാതെ രാഹുല്‍ പി ഗോപാലിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

അതേസമയം,രാഹുലിന്റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. കേസ് മെയ്‌ 20ന് കോടതി പരിഗണിക്കും. പരാതിക്കാരി ആദ്യം അമ്മയുടെയും സഹോദരിയുടെയും പേര് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇവരുടെ പേര് വരുന്നത്. ഇതൊരു മുറിയിൽ രാത്രിയിൽ നടന്ന സംഭവമാണ്.

സംഭവത്തിൽ യാതൊരു അറിവില്ലെന്നും എന്നിട്ടും തങ്ങളെ പ്രതികളാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ഇവർ ജാമ്യാപേക്ഷയിൽ പറയുന്നത്. അമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അതിനാൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ നീക്കം ചെയ്യണമെന്നും അപേക്ഷയിൽ പറയുന്നുണ്ട്.