ഒരു പെട്ടി കറൻസി കടത്തി മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കുമെതിരെ സ്വപ്ന സുരേഷ്

മുഖ്യനും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എല്ലാം അറിയാം. മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കും മകൾ വീണ വിജയനുമെതിരെ രഹസ്യ മൊഴി നൽകി സ്വപ്‌ന സുരേഷ്. കറൻസി കടത്ത് ശിവശങ്കരന്റെ നിർദ്ദേശപ്രകാരം. സ്വപ്ന സുരേഷ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകി. സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നത്. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ രഹസ്യമൊഴി നൽകിയതെന്നും കേസുമായി ബന്ധമുള്ളവരിൽനിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ രഹസ്യമൊഴി നൽകിയതായും സ്വപ്ന വെളിപ്പെടുത്തി.

‘മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി.ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016-ൽ മുഖ്യമന്ത്രി ദുബായിൽ പോയ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുലേറ്റിൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതിൽ കറൻസിയായിരുന്നു. കോൺസുലേറ്റിലെ സ്‌കാനിങ് മെഷീനിൽ ആ ബാഗ് സ്‌കാൻ ചെയ്തിരുന്നു. അങ്ങനെയാണ് കറൻസിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.

നിരവധി തവണ കോൺസുൽ ജനറലിന്റെ വീട്ടിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളിൽ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജൻഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടൽ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാൻ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നിൽവന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതൽകാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങൾ അന്വേഷിക്കൂ’- സ്വപ്ന പറഞ്ഞു.

സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സമയത്ത് അന്വേഷണ സംഘം രേഖപ്പെടുത്തിയ മൊഴികൾ സമ്പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സ്വപ്ന വീണ്ടും മൊഴി നൽകിയിരുന്നു. ഈ മൊഴികൾ രേഖപ്പെടുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികൾ വേണ്ടവിധം തുടരന്വേഷണം നടത്തിയില്ലെന്നാണ് വിമർശനം. ജീവനു ഭീഷണിയുള്ള സാഹചര്യത്തിലാണു കുറ്റകൃത്യത്തിൽ പങ്കുള്ളവരുടെ പൂർണ വിവരങ്ങൾ കോടതി മുൻപാകെ ബോധിപ്പിക്കാൻ തീരുമാനിച്ചതെന്നും സ്വപ്ന പറഞ്ഞു