തന്റെ പേരിലുള്ള ഫാന്‍ പേജിനെതിരെ സ്വാസിക, നിയമനടപടി സ്വീകരിച്ചെന്ന് നടി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെയാണ് നടിയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന മലയാള ചിത്രത്തില്‍ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികള്‍ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള അവര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.

ഇപ്പോള്‍ തന്റെ പേരിലുള്ള ഫാന്‍സ് പേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്വാസിക. പേജിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പല സമയങ്ങളിലും പേജില്‍ മോശപ്പെട്ട ഫോട്ടോകളും മറ്റും അപ്ലോഡ് ചെയ്യുകയും പിന്നീട് വേണ്ട ലൈക്ക് കിട്ടുമ്പോള്‍ റിമൂവ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് സ്വാസിക തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

സ്വാസികയുടെ കുറിപ്പ് ഇങ്ങനെ, പ്രിയ സുഹൃത്തുക്കളെ എന്റെ പേരില്‍ Swasika Fc എന്നാ പേരില്‍ ഒരു ഫേസ്ബുക് പേജ് വരുകയും എന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായും അറിയുകയുണ്ടായി, ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, എന്നെ സ്‌നേഹിക്കുന്ന ഞാന്‍ സ്‌നേഹിക്കുന്ന എന്റെ നല്ലവരായ സുഹൃത്തുക്കള്‍ ഈ വ്യാജ ഫേസ്ബുക് പേജ് റിപ്പോര്‍ട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു,

(ആ പേജില്‍ ലൈക്ക് കൂടുന്നതിനു വേണ്ടി പല സമയങ്ങളിലും മോശപ്പെട്ട ഫോട്ടോകളും മറ്റും അപ്‌ലോഡ് ചെയുകയും, അവര്‍ക്ക് വേണ്ട ലൈക്ക് കിട്ടുമ്പോള്‍ ആ പോസ്റ്റ് റിമോവ് ചെയുകയും ചെയുന്നുണ്ട്, ഇതൊക്കെ പല തവണയായി മോണിറ്റര്‍ ചെയ്തതും ആണു )