സെൻട്രൽ സ്റ്റേഡിയം ഒരുങ്ങി; 3.30 ന് സത്യപ്രതിജ്ഞ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുപക്ഷ ഗവൺമെന്റിന്റെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ഒരുങ്ങി. 13 മുഖ്യമന്ത്രിമാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതെങ്കിലും കൊവിഡ് സാഹചര്യത്തിൽ പങ്കെടുക്കാനില്ലെന്ന് മുഖ്യമന്ത്രിമാർ അറിയിച്ചു. ബം​ഗാൾ സർക്കാരിന്റെ പ്രതിനിധിയായി എംപി കാകോലി ഘോഷ് ദസ്തിദർ പങ്കെടുക്കും. തമിഴ്നാടിനെ പ്രതിനിധീകരിച്ച് സ്റ്റാലിന് പകരം വ്യവസായ മന്ത്രി തങ്കം തേനരശ് എത്തും.

3.30 ന് സത്യവാചകം ഗവർണർ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനിൽ ഗവർണറുടെ ചായ സൽക്കാരം നടക്കും. ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട് നടക്കും. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 24 നാണ് നടക്കുക. 25 ന് സ്പീക്കറെ തെരഞ്ഞെടുക്കും.

ക്ഷണക്കത്ത് ലഭിച്ചവർ 2.45 നകം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. പ്രവേശനം സെക്രട്ടറിയേറ്റ് അനക്സ്, പ്രസ് ക്ലബ്ബ് ഗേറ്റ് വഴിയാകും. 2.50 ന് നവകേരള ഗീതാഞ്ജലി അവതരണം നടക്കും. 1957 മുതൽ പിണറായി വിജയൻ സർക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ പുരോ​ഗതി വിവരിക്കുന്ന വിഡിയോയാണ് നവകേരള ​ഗീതാഞ്ജലി. മമ്മൂട്ടിയാണ് വിഡിയോ അവതരിപ്പിക്കുന്നത്. എആർ റഹ്മാൻ, യോശുദാസ്, മോഹൻലാൽ, ജയറാം, സുജാത എന്നിങ്ങനെ നിരവധി പ്രമുഖർ ഇതിൽ വെര്‍ച്വലായി പങ്കാളിയാകും.