ശസ്ത്രക്രിയയ്ക്ക് ശേഷം പാതി മയക്കത്തിലായിരുന്നു യുവതിയെ അറ്റൻഡർ‌ ബലാത്സംഗം ചെയ്തു ; ഓപ്പറേഷൻ തിയറ്ററിൽ എത്തുന്ന രോഗികൾ എത്രത്തോളം സുരക്ഷിതർ ?

കോഴിക്കോട് : സർക്കാർ ആശുപത്രികളിൽ അഭയം തേടുന്നവർ സ്വന്തം മാനം പോകാതെ ശ്രദ്ധിക്കണം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വരെ നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതെല്ലം നടന്നത് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇതേ ആശുപത്രി വിവാദങ്ങളിൽ കുടുങ്ങുന്നത് ഇത് ആദ്യമല്ല.

ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് പരാതിക്കാരി പീഡനത്തിനിരയായത്. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെവന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയം മുതലെടുത്ത് പ്രതി ശസ്ത്രക്രിയയുടെ വേദനയിൽ പുളയുകയായിരുന്ന ആ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. ഇതിൽ നിന്ന് സർക്കാർ ആശുപത്രിയിൽ അഭയംതേടുന്ന ഓരോത്തരും അവരവരുടെ സുക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഓപ്പറേഷൻ തിയറ്ററിൽ പാതിമയക്കത്തിൽ കിടക്കുന്ന രോഗിയുടെ മാനത്തിന് ഒരു സുരക്ഷയും ഉണ്ടാകില്ല എന്ന് അറിയണം. ഇതിന് എന്താണ് പ്രതിവിധി. അനങ്ങാൻ പോലും കഴിയാതെ അബോധവസ്ഥയിലായിരുന്ന യുവതിയെയാണ് ഇത്രയും പേരുടെ കണ്ണുവെട്ടിച്ച് ജീവനക്കാരൻ പീഡിപ്പിച്ചത്.

സംഭവം വാർത്തയായതോടെ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ കോളജ് സമിതിയെ നിയോഗിച്ചു. അന്വേഷണം നടത്തിയേക്കും. എന്നാൽ ഇനി ഇത്തരമൊരു സംഭവം നടക്കില്ല എന്ന് എന്താണ് ഉറപ്പ്. രോഗികളുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് എടുക്കാനാകുക. ഇതാണ് കണ്ടെത്തേണ്ടത്. ഇനി ഒരു രോഗിക്കും, സ്ത്രീക്കും ഇത്തരമൊരു അനുഭവം ആശുപത്രിയിൽ ഉണ്ടാകാൻ പാടില്ല. മയക്കം നൽകുന്ന രോഗി ഒരു രീതിയിലുമുള്ള ലൈംഗിക അതിക്രമത്തിന് ഇരയാകില്ല എന്ന ഉറപ്പാണ് ഉണ്ടാകേണ്ടത്.

ആരോഗ്യവകുപ്പിലെ ഈ അനാസ്ഥകൾക്കും അതിക്രമങ്ങൾക്കും ആരോഗ്യമന്ത്രി ഉത്തരം നൽകേണ്ടതുണ്ട്. അതേസമയം യുവതിയെ പീഡിപ്പിച്ച മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെ പോലീസ് പിടികൂടി. വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം,