ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു: കൂട്ടത്തില്‍ നിമിഷ അടക്കം എട്ട് മലയാളികളുണ്ടെന്ന് സൂചന

കാബൂള്‍: ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ 2016-ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താന്‍ തയ്യാറായിരുന്നു.

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.ഐഎസ്, അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ന്റലിജന്‍സിന് വിവരം ലഭിച്ചു. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്.

കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം.  21 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ പോയത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. അതിനാല്‍ കനത്ത ജാഗ്രതയായിരിക്കും അതിര്‍ത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.

എന്നാല്‍, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു ഹര്‍ജി നല്‍കിയത്. മകളെയും ചെറുമകള്‍ ഉമ്മു കുല്‍സുവിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമാണ് ബിന്ദുവിന്റെ ആവശ്യം