താനൂര്‍ ബോട്ട് അപകടം, 11 പേര്‍ക്കും ഒരേ ഖബറിൽ അന്ത്യവിശ്രമം

മലപ്പുറം. താനൂര്‍ തൂവല്‍ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണീര്‍ക്കാഴ്ചയായി പുത്തന്‍ കടപ്പുറത്ത് കുന്നുമ്മല്‍ വീട്. ബോട്ട് ദുരന്തത്തില്‍ ഈ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത് 11 പേരുടെ ജീവനാണ്. പൊതു ദര്‍ശനത്തിന് വെച്ച ശേഷം ഒരു കബറില്‍ തന്നെ 11 പേര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയതും വലിയ നോവുന്ന നിമിഷങ്ങളായിരുന്നു. ഈ വീട്ടിലെ സര്‍വ സന്തോഷവും ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതായത്.

കുന്നുമ്മല്‍ വീട്ടില്‍ നഷ്ടപ്പെട്ടത് രണ്ട് മരുമക്കള്‍ ഏഴ് പേരക്കുട്ടികള്‍, കുടുംബാംഗമായ ജാബിറിന്റെ ഭാര്യ മകന്‍ എന്നിവരെയാണ്. ജാബിറിന്റെ ഭാര്യ ജല്‍സിയ, മകന്‍ ജരീര്‍, കുന്നുമ്മല്‍ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, പത്തു മാസം പ്രായമുള്ള കുഞ്ഞ്, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്‌ന, സഫ്‌ന എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് എല്ലാവരും ഒത്തുകൂടിയതായിരുന്നു വീട്ടില്‍.

ബോട്ടും കടലും എല്ലാം കണ്ട് ശീലിച്ച ഇവര്‍ ഒരു കൗതുകത്തിനാണ് ബോട്ടില്‍ കയറിയത്. പുതയവീടിനായി രണ്ട് വര്‍ഷം മുമ്പ് വീട് എന്ന സ്വപ്‌നത്തിനായി തറകെട്ടി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം വീട് പണി തുടങ്ങിയില്ല. ഇന്ന് വീടെന്ന സ്വപ്‌നവുമായി ജീവിച്ചവര്‍ ആ തറയ്ക്ക് മേല്‍ ചേതനയറ്റ നിലയില്‍ കന്ന കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു.

പൊതുദര്‍ശനത്തിന് ശേഷമാണ് 11പേരുടെയും മൃതദേഹം കബര്‍സ്ഥാനില്‍ എത്തിച്ചത്. വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്ത ശേഷം ഒരേ കബറില്‍ 11 അറകളിലാണ് അവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം ഒരുക്കിയത്.