താനൂര്‍ ബോട്ട് ദുരന്തം, നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം. താനൂര്‍ ബോട്ട് ദുരന്തത്തില്‍ പെട്ട ബോട്ടിന്റെ ഉടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. അപകടത്തിന് സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ബോട്ട് സര്‍വീസ് നടത്തിയ കുറ്റത്തിനാണ് നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയത്. സ്ഥലത്ത് എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ തിരച്ചില്‍ നടന്ന് വരുകയാണ്.

ബോട്ട് ഓടിച്ച ദിനേശിനും മറ്റ് ജീവനക്കാര്‍ക്കുമായിട്ടുള്ള അന്വേഷണം നടന്ന് വരുകയാണ്. പോലീസ് നാസറിനെ ചോദ്യം ചെയ്തു വരുകയാണ്. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്, അന്വേഷണ ഉദ്യോഗസ്ഥന്‍ കെവി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് നാസറിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ക്ക് കുസാറ്റിലെ വിദഗ്ധരുമായി പോലീസ് സംസാരിക്കും. അപകട സ്ഥലത്ത് നടക്കുന്ന തിരച്ചില്‍ രാത്രി വരെ തുടരും. പോലീസും അഗ്നിരക്ഷ സേനയും എന്‍ഡിആര്‍എഫ് സംഘത്തിനൊപ്പം തിരച്ചില്‍ നടത്തുന്നുണ്ട്.