താനൂർ കസ്റ്റഡി മരണം, പോലീസ് ക്രൂരമായി മർദിക്കുന്നതു കണ്ടെന്ന് സുഹൃത്തിന്റെ മൊഴി, സിബിഐ അന്വേഷണത്തിൽ പോലീസ് കുടുങ്ങും

മലപ്പുറം : താനൂരിൽ പോലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. താനൂർ പോലീസ് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടെന്നാണ് കസ്റ്റഡിയിലെടുക്കുമ്പോൾ കൂടെ ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന യുവാവിന്റെ വെളിപ്പെടുത്തൽ. ഇത് സിബിഐ അന്വേഷണത്തിൽ പോലീസ് കുടുങ്ങാനുള്ള സാധ്യത വർധിപ്പിക്കുന്നു.

പോലീസ് 12 പേരെ കസ്റ്റഡിയിലെടുത്ത് എല്ലാവരെയും താനൂർ പോലീസ് സ്‍റ്റേഷനിൽ എത്തിച്ചിരുന്നു. അവിടെ വെച്ച് താമിര്‍ ജിഫ്രിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടു. പുലര്‍ച്ചെ ആറു മണിയോടെ താനുള്‍പ്പടെ മറ്റ് 7 പേരെ വിട്ടയക്കുകയായിരുന്നു യുവാവ് പറയുന്നു. ഓഗസ്റ്റ് 1ന് പുലര്‍ച്ചെ താനൂര്‍ ദേവദാര്‍ പാലത്തിന് സമീപത്തു നിന്നും താമിര്‍ ജിഫ്രി ഉള്‍പ്പടെ അ‌ഞ്ചു പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എന്നാൽ 31 വൈകീട്ട് 5 മണിക്ക് കസ്റ്റഡിയിലെടുത്തു എന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞത്. ഇയാളെ ചോളാരിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തെന്നാണ് കുടുംബം പറയുന്നത്. താമിർ ജിഫ്രിയെ കൊണ്ടുപോകുമ്പോൾ മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ മരണപ്പെടുന്നത്. എന്നാൽ മരണവിവരം രാവിലെ പത്തരയോടെയാണ് പോലീസ് ബന്ധുക്കളെ അറിയിക്കുന്നത്.

സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. താനൂരിലെ പോലീസ് ക്വാര്‍ട്ടേഴ്സിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം രക്തക്കറ കണ്ടെത്തിയിരുന്നു.തമിറിന്റെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ജിഫ്രിക്ക് പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റിരുന്നു. ഇടുപ്പിലും, കാൽപാദത്തിലും, കണം കാലിലും മർദ്ദനമേറ്റിട്ടുണ്ട്.

ഹൃദയത്തിന് അസുഖമുള്ള ആളായ താമിര്‍ ജിഫ്രിയുടെ ലഹരി മരുന്നിന്റെ അമിത ഉപയോഗവും പോലീസ് മർദ്ദനവും മരണത്തിന് കാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തമിറിന്റെ ആമാശയത്തിൽ രണ്ട് ലഹരി മരുന്ന് പാക്കറ്റുകളുണ്ടായിരുന്നു. അതിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു.