അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെ കൊലപ്പെടുത്തി

അടൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെയും കൊലപ്പെടുത്തി. അടൂർ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ (68) കൊലപ്പെടുത്തിയത്.

വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിൽ ആയിരുന്നു സംഭവം. ഇന്ന് പുറത്ത് എവിടെയോ പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ച് വീട്ടിൽ വരരുതെന്ന് സതീഷ് പറഞ്ഞു. എന്നാൽ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനൻ ഉണ്ണിത്താൻ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. ജൂൺ 13-നാണ് മോഹനൻ ഉണ്ണിത്താൻ പരോളിൽ ഇറങ്ങിയത്. സതീഷ് തന്നെയാണ് ഇയാളെ പരോളിലിറക്കി വീട്ടിൽ എത്തിച്ചത്.മദ്യലഹരിയിലായിരുന്ന മോഹനൻ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.