ചോദിച്ച ഫണ്ട് പിരിവ് നൽകിയില്ല, വ്യാപാരിക്ക് സിപിഐ പ്രവർത്തകരുടെ മർദ്ദനം

ഫണ്ട് പിരിവിനെത്തിയ സിപിഐ പ്രവർത്തകർ വ്യാപാരിയെ മർദിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസിന്റെ നവീകരണ ഫണ്ട് പിരിക്കാനെത്തിയവരുടെ വകയായിട്ടായിരുന്നു അക്രമം. ചോദിച്ച തുക നൽകാത്തതിന് മർദിച്ചെന്നാണ് ആരോപണം. പോത്തൻകോട് ജംഗ്ഷനിൽ കട നടത്തുന്ന 61 കാരനായ മാരിയപ്പനാണ് മർദ്ദനമേറ്റത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിപിഐ ലോക്കൽ കമ്മിറ്റിയംഗവും എ.ഐ.ടി.യു.സി മേഖല ജനറൽ സെക്രട്ടറിയുമായ എം.എം ഷുക്കൂറിന്റെ നേതൃത്വത്തിൽ നാലംഗസംഘം മാരിയപ്പന്റെ കടയിൽ പിരിവിനായി എത്തുന്നത്.

മാരിയപ്പൻ 50 രൂപയാണ് പിരിവായി നൽകിയത്. അതു പോര, ചോദിക്കുന്ന പണം വേണമെന്ന് പറഞ്ഞ് മാരിയപ്പനെ സി.പി.ഐ മേഖലാ ജനറല്‍ സെക്രട്ടറി ഷുക്കൂർ മർദിച്ചെന്നാണ് ആരോപണം. മർദനമേറ്റ വ്യാപാരി ആശുപത്രിയിൽ ചികിത്സയിലാണ്. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.