ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം. സംസ്ഥാന സർക്കാരിന്റെ തന്നിഷ്ടത്തിനു വഴങ്ങാത്ത ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം വീണ്ടും സഭയിലെത്തിയ ബില്ലാണ് പാസാക്കിയിട്ടുള്ളത്.

ബില്ലിനെ പ്രതിപക്ഷം എതിർത്തു. രാഷ്ട്രീയ ലാക്കോടെ വി സി മാർ ഉൾപ്പടെ യൂണിവേഴ്സിറ്റികളിലെ നിയമനങ്ങൾ തങ്ങളുടെ ഇഷ്ടക്കാരെ നിയമിച്ചു വരുന്നതിനെതിരെ ഗവർണർ കൈക്കൊണ്ട നടപടികൾ കൈവിട്ടു പോയ അവസ്ഥയിലാണ് സർക്കാർ രണ്ടും കല്പിച്ച് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ നിയമസഭയിൽ കൊണ്ട് വന്ന് പാസാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റുകയാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമാണം എന്നാണ് ഇക്കാര്യത്തിൽ സർക്കാർ നൽകുന്ന വിശദീകരണം. ഗവർണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കാനാണ് സർക്കാർ ലക്‌ഷ്യം വെച്ചിരിക്കുന്നത്. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ മതിയെന്നും ഉദ്ദേശിക്കുന്നു. സർവകലാശാല ഭേദഗതി ബിൽ പാസാക്കിയ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അതേസമയം, കേരളത്തിലെ സർവകലാശാലകളിലെ വിവാദമായ വൈസ് ചാൻസലർ നിയമന വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി രാധാ മോഹൻ അഗർവാൾ. ബിജെപി കേരള ഘടകത്തിന്റെ ചുമതല ഉള്ള രാധാ മോഹൻ, കേരള സാങ്കേതിക സർവകാലശാലയിലെ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് വിഷയം ഉന്നയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി നടന്നിട്ടുള്ള വിസി നിയമനങ്ങൾ റദ്ദാക്കാൻ യുജിസിയോട് ആവശ്യപ്പെടണം. നിയമനം നടന്നത് നിയമവിരുദ്ധമായാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും രാധാ മോഹൻ അറിയിച്ചു.

(UPDATING )