ഗവർണറെ മാറ്റാൻ ബില്ലായി, നിയമമാവാൻ ഗവർണർ തന്നെ ഒപ്പിടണം, പ്രതിസന്ധിയിലായി പിണറായി സർക്കാർ

തിരുവനന്തപുരം. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ​ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കിയ പിറകെ തുടർനടപടികൾ പ്രതിസന്ധിയിലായി. ബിൽ നിയമമായി മാറണമെങ്കിൽ ബില്ലിൽ ​ഗവർണർ ഒപ്പിടണം. തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഉപദേശികൾ പറയുന്നത് കേട്ട് ബില്ലുണ്ടാക്കിയ സർക്കാർ അത് ഇതുവരെയും ​ഗവർണറുടെ അംഗീകാരത്തി നായി രാജ്ഭവനിലേക്ക് അയച്ചില്ല.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിൽ പറയുന്നത്. ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് കൂടിയാണ് ഭേദഗതി ബില്‍.

ഗവർണറെ മാറ്റാനുള്ള ബിൽ ​ഗവർണർക്ക് തന്നെ അയക്കുന്നതോടെ എന്ത് സംഭവിക്കും എന്നാണ് ഇപ്പോഴുള്ള ആശയകുഴപ്പം. ചാൻസലർ സ്ഥാനത്ത് നിന്നും ​ഗവർണറെ ഒഴിവാക്കുന്നതിനെ ​ഗവർണറോ കേന്ദ്ര സർക്കാരോ അനുകൂലിക്കില്ലെന്നു സർക്കാരിന് അറിയാം. അത്കൊണ്ടു തന്നെയാണ് സംസ്ഥാനം ബില്ല് ഗവർണർക്ക് അയക്കാത്തത്. എന്നാൽ നിയമ വകുപ്പിന്റെ പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ് സർക്കാർ ഇതിനു നക്കുന്ന വിശദീകരണം. അതേസമയം ബില്ലിലെ പല ഉള്ളടക്കങ്ങളും യു ജി സി ചട്ടങ്ങൾക്ക് എതിരാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.