ബസ് ചോർന്നൊലിച്ചു, കുടപിടിച്ച് വണ്ടി ഓടിച്ച് ഡ്രൈവർ, വീഡിയോ എടുത്ത് കണ്ടക്ടര്‍, പണി തെറിച്ചു

ബെംഗളൂരു: കുടചൂടി ബസോടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് റീൽസാക്കി പ്രചരിപ്പിച്ച കർണാടക ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കെആർടിസി ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ധർവാഡ് ഡിപ്പോയിലെ ജീവനക്കാരായ ഹനുമന്ത കിലേഡാറ, എച്ച്. അനിത എന്നിവരെയാണ് സസ്പെൻഡ് ചെയ്ത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാര്‍വാഡ് റൂട്ടിലോടുന്ന ബസില്‍ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റില്‍ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബസ് ചോരുന്നതിനാല്‍ ഡ്രൈവര്‍ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്.

ഒരു കൈയില്‍ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആര്‍.ടി.സി. അധികൃതര്‍ നടപടിയെടുത്തത്. ബസ് ചോരുന്നതാണെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍ വിശദീകരിച്ചു.