തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധികൾ, ശമ്പളം, അലവൻസ് തുടങ്ങിയവയിലുൾപ്പെടെ മാറ്റങ്ങൾ,പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധികളുൾപ്പെടെ പുനർനിർണയിക്കാനേ‍ കേന്ദ്രസർക്കാർ. അടുത്ത ആഴ്ച പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത് ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ ശമ്പളം, അലവൻസ് തുടങ്ങിയവയിലുൾപ്പെടെ മാറ്റമുണ്ടാകും. 1991ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആക്ടിന് പകരം പുതിയ നിയമം കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, കമ്മിഷൻ അംഗങ്ങൾ തുടങ്ങിയവരെ നിയമിക്കുന്നതിനും അവരുടെ സേവന, വേതന വ്യവസ്ഥകൾ തീരുമാനിക്കുന്നതിനുമുള്ള ബിൽ ആണ് സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇതനുസരിച്ച് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി തലവനും രണ്ടു വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായ സെർച് കമ്മിറ്റി കമ്മിഷൻ അംഗങ്ങളാകാൻ പരിഗണിക്കാവുന്ന അഞ്ചു പേരുടെ പട്ടിക സെലക്‌ഷൻ കമ്മിറ്റിക്ക് കൈമാറണം. ഈ സെലക്‌ഷൻ കമ്മിറ്റിയാണ് ആരെ തീരുമാനിക്കണമെന്ന ശുപാർശ രാഷ്ട്രപതിക്ക് നൽകുന്നത്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിയോഗിക്കുന്ന ഒരു മന്ത്രിസഭാംഗം എന്നിവരായിരിക്കും സെലക്‌ഷൻ കമ്മിറ്റിയിൽ ഉണ്ടാവുക എന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിലവിൽ ഉയർന്നിരിക്കുന്ന വിവാദങ്ങളും ഈ സെലക്‌ഷൻ‍ കമ്മിറ്റിയുടെ രൂപീകരണത്തെ ചൊല്ലിത്തന്നെയാണ്.

സെർച് കമ്മിറ്റി നൽകുന്ന പാനലിൽ തൃപ്തിയില്ലെങ്കിൽ സെലക്‌ഷൻ കമ്മിറ്റിക്ക് പാനലിനു പുറത്തുനിന്നുള്ള ആളെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗമായി നിയമിക്കാമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. കമ്മിഷൻ അംഗങ്ങളുടെ കാലാവധിയിൽ മാറ്റം വരുത്തിയിട്ടില്ല. ആറു വർഷം അല്ലെങ്കിൽ 65 വയസ് തികയുന്നതു വരെ എന്ന വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും അംഗങ്ങളുടെയും ശമ്പളം. നേരത്തെ സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളത്തിന് തുല്യം എന്നതായിരുന്നു നിശ്ചയിച്ചിരുന്നത്. എങ്കിലും തുക ഒന്നു തന്നെയാണ്.