കുവൈത്ത് തീപ്പിടിത്തം, ദുരന്തത്തിൽ മരിച്ച 12 പേരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന്

തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേ​ഹങ്ങൾ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഇവരുടെ മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസിൽ അവരവരുടെ വീടുകളിൽ എത്തിച്ചേരും. ഭൂരിഭാ​ഗം പേരുടേയും സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുൺ ബാബു, കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ, തൃശ്ശൂർ ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസ്, മലപ്പുറം പുലാമന്തോൾ സ്വദേശി മരക്കാടത്തു പറമ്പിൽ ബാഹുലേയൻ, തിരൂർ സ്വദേശി നൂഹിൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, കണ്ണൂർ പയ്യന്നൂർ സ്വദേശി നിതിൻ, കാസർകോട് ചെർക്കള സ്വദേശി കെ. രഞ്ജിത്ത്, കാസർഗോഡ് സ്വദേശി കേളു പൊന്മലേരി എന്നിവരുടെ സംസ്കാരം വെള്ളിയാഴ്ച നടത്തും . തിരുവനന്തപുരം സ്വദേശിയായ ശ്രീജേഷ് തങ്കപ്പൻ നായരുടെ സംസ്കാരവും വെള്ളിയാഴ്ച വൈകിട്ടോടെ നടക്കും. കൊല്ലം സ്വദേശി സുരേഷ് എസ്. പിള്ളയുടെ മൃതദേഹവും വെള്ളിയാഴ്ച സംസ്കരിക്കും.

ശനിയാഴ്ചയാണ് കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസിന്റെ (സാബു) സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വീട്ടിലേക്ക് ഒരുമാസത്തിനുള്ളിൽ എത്തുമെന്ന് അറിയിച്ചിരുന്നപ്പോഴാണ് ദുരന്തം എല്ലാ പ്രതീക്ഷകളും തകർത്തത്. മുംബൈയിൽ ടെക്നിഷ്യനായി ജോലിചെയ്തിരുന്ന അദ്ദേഹം 18 വർഷങ്ങൾക്കുമുമ്പാണ് വിദേശത്തേക്കു പോയത്.

ശനിയാഴ്ചയാണ് പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ നായരുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. മെഡിക്കൽ സ്റ്റോറിൽ ജോലിനോക്കിയിരുന്ന ആകാശ് അമ്മയുടെ തണലിലാണ് പഠിച്ചത്. വെണ്ണിക്കുളം പോളിടെക്‌നിക്കിൽ നിന്ന് ഇലക്ട്രോണിക്‌സ് ഡിപ്ലോമയും ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജിയും കഴിഞ്ഞ ശേഷമാണ് വിദേശത്ത് എട്ട് വർഷം മുമ്പ് ജോലിതേടി പോയത്. മകനിൽ പ്രതീക്ഷയർപ്പിച്ചുകഴിഞ്ഞ അമ്മയ്ക്കും സഹോദരി ശാരിക്കും നികത്താൻ പറ്റാത്ത വിടവായി ആകാശിന്റെ മരണം.

ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മന്റെ മൃതദേഹം സംസ്കരിക്കുക. അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമെന്നാണ് വിവരം. പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസിന്റെ സംസ്കാരച്ചടങ്ങുകൾ (56) തിങ്കളാഴ്ചയാണ്. ചൊവ്വാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശി മാത്യു തോമസിന്റെ (ബിജു-53) സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. 30 വർഷമായി മാത്യു കുവൈത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തി മടങ്ങിയത്.

പത്തനംതിട്ട സ്വദേശി സിബിന്‍ ടി. എബ്രഹാമിന്റെയും കോട്ടയം പാമ്പാടി ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ(29)യും മൃതദേഹങ്ങൾ തിങ്കളാഴ്ച സംസ്കരിക്കും.