ഭാര്യയുടെ അവിഹിതം തെളിയിക്കാൻ കാമുകന്റെ ടവർ ലൊക്കേഷൻ വേണമെന്ന് ഭർത്താവ്, നടക്കില്ലെന്നു ഹൈക്കോടതി.

ബെംഗളൂരു. മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ കാമുകന്റെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. നേരത്തെ, കേസ് പരിഗണിച്ച കുടുംബകോടതി മൂന്നാംകക്ഷിയുടെ ടവർ ലൊക്കേഷൻ നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭാര്യ കാമുകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി ഉണ്ടായത്.

കേസിൽ ഇതുവരെ കക്ഷിയല്ലാത്ത ഒരാളുടെ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെയും വിവാഹജീവിതത്തിന്റെയും ആകസ്മികമായുണ്ടാകുന്ന മറ്റ് ബന്ധങ്ങളുടെയും ഉൾപ്പെടെ സ്വകാര്യത നിലനിർത്താനുള്ള അവകാശം പൗരനുണ്ടെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭാര്യ ഭർത്താവിന്‍റെ ക്രൂരതയെ തുടർന്ന് വിവാഹബന്ധം അവസാനിപ്പിക്കാൻ അനുമതി തേടി കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും ഇതാണ് വിവാഹമോചനം ആവശ്യപ്പെടാൻ കാരണമെന്നും ഭർത്താവ് കോടതിയിൽ ആരോപിക്കുകയുണ്ടായി. ബന്ധം തെളിയിക്കാൻ മൂന്നാം കക്ഷിയുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്ന ഭർത്താവിന്‍റെ ആവശ്യം 2019ൽ കുടുംബകോടതി അംഗീകരിക്കുകയാണ് ഉണ്ടായത്.

ഫോൺവിളികളുടെയോ മെസേജുകളുടെയോ വിശദാംശങ്ങളല്ല ഭർത്താവ് തേടുന്നതെന്നും ടവർ ലൊക്കേഷൻ മാത്രമാണെന്നുമായിരുന്നു കുടുംബകോടതിയുടെ നിരീക്ഷണം. എന്നാൽ, ഇതിനെതിരെ ആരോപണവിധേയൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ലൊക്കേഷൻ ലഭ്യമാക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി വിധിക്കുന്നത്.