നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ കെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ നവീൻ ഖിച്ചി, ഡോക്ടർ ആകാശ് എന്നിവരാണ് അറസ്റ്റിലായത്. നവീൻ ന​ഗരത്തിൽ മറ്റു ആശുപത്രികളും നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ചു കുട്ടികളാണ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിലും തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാേടെയാണ് തീ പൂർണമായും അണയ്ക്കാനായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഏഴ് കുഞ്ഞുങ്ങൾ മരിക്കുകയും അഞ്ച് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലെ ഇരുനില കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

12 കുഞ്ഞുങ്ങൾ ഉള്ളപ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്. ആശുപത്രിയിൽ പൂർണമായും തീ പിടിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ പിൻവാതിലിലൂടെയാണ് കുട്ടികളെ പുറത്തെടുക്കുന്നത്. പിന്നാലെ അഗ്നിശമന സേനയും എത്തി രക്ഷപ്രവർത്തനം നടത്തി. ഏഴ് കുട്ടികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നാണ് വിവരം.

രണ്ട് വലിയ കെട്ടിടങ്ങൾക്കിടയിലുള്ള പരിമിതമായ സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇത് രക്ഷപ്രവർത്തനത്തെ ബാധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘം ആശുപത്രി സന്ദർശിക്കുമെന്ന് എൻസിപിസിആർ ചെയർപേ‌ഴ്സൺ പ്രിയങ്ക് കനൂംഗോ പറഞ്ഞു.