നവജാത ശിശുവിവിനെ എറിഞ്ഞു കൊന്ന സംഭവം, ആൺസുഹൃത്ത് ഒളിവിൽ

കൊച്ചി : ജനിച്ച ഉടൻ അമ്മ ഫ്ളാറ്റിന് മുകളിൽ നിന്ന് നവജാത ശിശുവിവിനെ എറിഞ്ഞു കൊന്ന സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്. തൃശൂർ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിശദീകരണം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. റഫീക്കിനായി അന്വേഷണം തുടരുകയാണ്.

നവജാതശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ മെയ് 16നാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല.

തൃശ്ശൂർ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നൽകി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോൾ റഫീഖ് ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ കുഞ്ഞിനെ ഇല്ലാതാക്കാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. മകൾ ഗർഭിണിയാണെന്ന് വീട്ടുകാർക്കും അറിവുണ്ടായിരുന്നില്ല. വീട്ടിലെ ശുചിമുറിയിൽ ആണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ശേഷം ശ്വാസംമുട്ടിച്ചു. മാതാവ് മുറിയുടെ വാതിലിൽ തട്ടിയതോടെ പരിഭ്രാന്തിയിലായ പെൺകുട്ടി കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു.