മേയറുടടെ കത്ത് അങ്ങ് കേന്ദ്രത്തിലെത്തി,പണി ഉറപ്പായി

കുട്ടി മേയറുടെ കത്ത് അങ്ങ് കേന്ദ്രം വരെ എത്തി. സിപിഎമ്മിനെ മുള്‍മുനയില്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരും പ്രതിരോധത്തിലേക്ക്. മേയറുടെ കത്ത് വലിയ അഴിമതിയുടെഭാഗം, തൊഴില്‍രഹിതര്‍ക്ക് നീതിലഭിക്കുംവരെ പോരാടും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക ഇടപെടല്‍. കോര്‍പ്പറേഷനിലെ തട്ടിപ്പുകളില്‍ ഗവര്‍ണ്ണര്‍ ഇടപെടല്‍ ഉണ്ടാകും, അതിന്റെ കൂടെ ഇരട്ടിപ്രഹരമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. സിപിഎമ്മിന് മുട്ടന്‍ പണി വരുന്നുണ്ട്.

താത്കാലിക നിയമനത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മേയര്‍ സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് ഒരു അബദ്ധമല്ലെന്ന് ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്ദേക്കര്‍. കത്ത് ആസൂത്രിതമാണ്. ന്യായമായ രീതിയില്‍ നിയമനം നടത്താതെ സി.പി.എമ്മിന്റെ ആളുകളെ മാത്രം നിയമിക്കാന്‍ ഉദ്ദേശിച്ച് നല്‍കിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ കത്ത് നല്‍കിയ സംഭവം ഇനിമുതല്‍ നിയമന അഴിമതിയെന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ബി.ജെ.പി. കൗണ്‍സിലര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. സമരമുഖത്തുള്ള കൗണ്‍സിലര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ പോരാട്ടം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനെതിരെ പോലീസ് ഒന്നല്ല, നാല് ഗ്രനേഡുകള്‍ എറിഞ്ഞുവെന്നും ഗ്രനേഡുകള്‍ സൂക്ഷിക്കുന്നത് തീവ്രവാദികള്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

‘തൊഴില്‍ രഹിതരായ കേരളത്തിലെ 43 ലക്ഷം യുവാക്കള്‍ രോഷാകുലരാണ്. ഇവിടെ ജോലികളില്ല. കഠിനപ്രയത്നത്തേയോ സത്യസന്ധതയേയോ മെറിറ്റിനേയോ സി.പി.എം. അംഗീകരിക്കുന്നില്ല. അവര്‍ക്ക് എല്ലാം അഴിമതിയാണ്. നമ്മുടെ പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. ശരിയായ അന്വേഷണം നടക്കുന്നുവെന്ന് നമ്മള്‍ ഉറപ്പുവരുത്തും. കേരളത്തിലെ തൊഴില്‍രഹിതരായ 43 ലക്ഷം യുവാക്കള്‍ക്ക് നീതിലഭിക്കുന്നത് വരെ നമ്മള്‍ പോരാട്ടം തുടരും. മോഷ്ടിക്കപ്പെടുന്ന തൊഴിലുകളില്‍ അവര്‍ക്ക് അവകാശമുണ്ട്. ജോലി മോഷ്ടിക്കപ്പെടാന്‍ നമ്മള്‍ അനുവദിക്കില്ല’, പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

കത്ത് വിവാദത്തില്‍ രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. രാജിയെന്നത് പ്രതിപക്ഷത്തിന്റെ ബാലിശമായ ആവശ്യമാണ്. അതിലൊന്നും യാതൊരു പേടിയോ ആശങ്കയോ ഇല്ലെന്നും കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം സ്ഥാനത്ത് തുടരുമെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും പരിശോധിക്കണം. മേയറുടെ ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്താം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് നല്‍കാനും തയ്യാറാണ്. കേസില്‍ ഹെക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും മേയറുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കോടതി പറഞ്ഞതില്‍ സന്തോഷമെന്നും ആര്യ പറഞ്ഞു. കോടതി പറയുന്ന ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നും മേയര്‍ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണ വേഗത്തിലല്ല എന്ന അഭിപ്രായം തനിക്കില്ല. എന്നാല്‍ അന്വേഷണത്തിന് വേഗതയില്ലെന്ന വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പരാതി നല്‍കി 24 മണിക്കൂറിനകം തന്നെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൊഴിയെടുക്കലും ഓഫീസ് പരിശോധനയുമെല്ലാം വേഗത്തില്‍ നടന്നു. ഇനിയുള്ള തുടര്‍നടപടികളും വേഗത്തില്‍തന്നെ ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു. കട്ട പണവുമായി കോഴിക്കോട്ടേക്ക് പോയെന്ന ജെബി മേത്തര്‍ എംപിയുടെ ആരോപണത്തെ നിയമപരമായി നേരിടുന്ന കാര്യം പരിശോധിക്കുമെന്നും ആര്യ പറഞ്ഞു.

പ്രതിഷേധങ്ങള്‍ പ്രതിപക്ഷത്തിന്റെ അവകാശമാണ്. എന്നാല്‍ നഗരസഭ യിലെത്തുന്ന ജനങ്ങളെ സമരത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നും പ്രതിപക്ഷ സമരത്തിന് ജനപിന്തുണയില്ലെന്നും മേയര്‍ വിമര്‍ശിച്ചു. ജനങ്ങളെ ഭയപ്പെടുത്തി എത്രനാള്‍ സമരം നടത്താനാകുമെന്നും മേയര്‍ ചോദിച്ചു. മേയര്‍ക്കെതിരേ പ്രതിഷേധിക്കുന്നവരില്‍ പലരും ഇപ്പോഴും അവരുടെ വാര്‍ഡിലെ ഓരോ ആവശ്യങ്ങള്‍ക്കായി തന്റെ മുന്നില്‍ വരുന്നുണ്ടെന്നും കത്തില്‍ ഒപ്പിട്ടുവാങ്ങി പോകുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. തനിക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് അവരുടെ വാര്‍ഡില്‍ മേയറുടെ സേവനം വേണ്ടെന്ന് പറഞ്ഞ് സ്വന്തമായി കാര്യങ്ങള്‍ നോക്കിയാല്‍ പേരെയെന്നും മേയര്‍ ചോദിച്ചു.