പുതുതലമുറയുടെ ഹരമായി മാറുന്ന ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് പൂട്ട് വരുന്നു

വിവാഹം കഴിക്കാതെ രണ്ടു പേർ ചേർന്ന് ഒന്നിച്ചു ജീവിക്കുന്ന ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് കടിഞ്ഞാൺ വരുന്നു. പാശ്ചാത്യ നാടുകളില്‍ പണ്ടു മുതലേ നിലനില്‍ക്കുന്ന ലിവിംഗ് ടുഗദര്‍ സംസ്കാരം ഇപ്പോൾ ഇന്ത്യയിൽ പിടിമുറുകുമ്പോൾ ഇതിനെ നിയന്ത്രിക്കാൻ എന്നവണ്ണം രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ പൊതുതാല്‌പര്യ ഹർജി എത്തിയിരിക്കുകയാണ്.

എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ ബന്ധങ്ങൾക്കു മേൽ ചട്ടങ്ങളും മാർഗനിർദേശങ്ങളും തയ്യാറാക്കാൻ കോടതി നിർദേശം നൽകണമെന്നാണ് പൊതുതാല്‌പര്യ ഹർജിയിൽ ഉയരുന്ന ആവശ്യം. ഇത്തരം ബന്ധങ്ങളിലെ പങ്കാളികൾ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭിഭാഷക മമതാ റാണിയാണ് ഇക്കാര്യത്തിൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് നിയമങ്ങളും മാർഗനിർദേശങ്ങളും ഇല്ലാത്തതിനാൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന ഉണ്ടായിട്ടുണെന്നും ഹർജിയിൽ പറയുന്നു. ശ്രദ്ധ വാൽക്കർ കേസ് ഉൾപ്പെടെ സ്ത്രീകൾ പങ്കാളികളാൽ കൊല്ലപ്പെട്ട സമീപകാല കേസുകൾ ഹർജിയിൽ ചൂണ്ടികാട്ടുന്നു.

ലിവ്- ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ ചെയ്താൽ വെെവാഹിക നില, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പങ്കാളികൾക്ക് പരസ്പരവും സർക്കാരിനും കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നു. നമ്മുടെ രാജ്യത്തെ ഈ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം കണ്ടെത്താൻ ഡാറ്റാ ബേസ് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകാനും പൊതുതാല്‌പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബാധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസമായി പുതുതലമുറ കാണുന്നുവെന്ന് ഇതിനു മുൻപ് തന്നെ കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം കൂടുന്നത് സമൂഹ വളർച്ചയ്ക്ക് നല്ലതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിവാഹ ബന്ധങ്ങൾക്ക് വലിയ വില നൽകിയിരുന്ന സംസ്ഥാനമായിരുന്ന കേരളത്തിൽ പോലും ഇപ്പോൾ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് ചിന്തിക്കുന്ന പുതുതലമുറ ഉണ്ടെന്നും വ്യക്തമാക്കി. കൂടാതെ വൈവാഹിക ബന്ധത്തിന് എക്കാലവും നമ്മുടെ സാമൂഹിക ജീവിതത്തില്‍ ഉന്നതമായ സ്ഥാനമാണുള്ളത്.

സ്ത്രീ-പുരുഷ ബന്ധത്തില്‍ മാനസിക ഐക്യത്തിനാണ് പ്രാധാന്യം എന്ന വാദഗതി ശരിവെച്ചാല്‍ തന്നെയും എല്ലാത്തിനും നിയമത്തിന്‍റെ കെട്ടുപാടുകള്‍ ഉള്ളത് നല്ലതാണ്. രണ്ടു രീതിയും തമ്മില്‍ സര്‍ക്കാര്‍ ജോലിയും സ്വകാര്യ സ്ഥാപനത്തിലെ ജോലിയും എന്ന പോലെ വ്യത്യാസമുണ്ട്. വൈവാഹിക ബന്ധത്തിന് എല്ലാ അര്‍ഥത്തിലും ജീവിത സുരക്ഷിതത്വമുണ്ടാകും. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നിയമം കൂടെ നില്‍ക്കും. ലിവിംഗ് ടുഗദര്‍ സംസ്കാരത്തിന് ഇല്ലാത്തതും ആ സുരക്ഷിതത്വമാണ്,അതിനാൽ ആണ് ഇപ്പോൾ ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തമായി ഉയരുന്നത്.