ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ആഡംബര ഭക്ഷണവും സംഘാടകരായ ജീവനക്കാർക്ക് സാധാരണ കാറ്ററിങ് സർവീസില്‍ നിന്നുള്ള ഭക്ഷണവും വിളമ്പിയെന്നാണ് ആരോപണം.

പ്രതിനിധികള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് സംഘാടകരായ ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു, അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്കെതിരെ സിസിടിവി നോക്കി നടപടിയെടുക്കുമെന്ന് സർക്കാരിലെ ഒരു ഉന്നതന്റെ ഉ​ഗ്രശാസനവും. റാവിസില്‍ നിന്നുള്ള ലാവിഷ് ഭക്ഷണമാണ് എം.എൽ.എമാർക്കും എം.പിമാർക്കും മന്ത്രിമാർക്കും മറ്റ് ഡെലിഗേറ്റിൽ ഉൾപ്പെടുന്നവർക്കും നല്കിയത്. സംഘാടകരായ ജീവനക്കാർക്ക് സാധാരണ കാറ്ററിങ് സർവീസില്‍ നിന്നുള്ള ഭക്ഷണവും. അതുകൂടാതെ, ലോകകേരള സഭയ്ക്കെത്തി പ്രവാസി പ്രതിനിധികളില്‍ പലരും ബ്രേക്ക് ഫാസ്റ്റ് അവർ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് കഴിച്ചതോടെ വലിയ അളവിലുള്ള ഭക്ഷണം ബാക്കിവന്നു. ഇത് കഴിക്കാനും ജീവനക്കാരോട് നിർദ്ദേശിച്ചതായി റിപ്പോർട്ട്.

ലോക കേരള സഭാ നടത്തിപ്പിന് രാപ്പകലില്ലാതെ ഓടിനടന്ന ജീവനക്കാരെ രണ്ടാംതരം പൗരൻമാരായി സിപിഎമ്മിലെ ഉന്നതൻ പരിഗണിച്ചതിനെതിരെ രോഷം പുകയുന്നുണ്ട്. കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആദ്യ ദിവസത്തെ പരിപാടി വെട്ടി ചുരുക്കിയിരുന്നു. രണ്ടാം ദിവസം പ്രഭാത ഭക്ഷണം റാവിസ് ഹോട്ടലിൽ നിന്ന് എത്തിയെങ്കിലും ഡെലിഗേറ്റുകളിൽ ഭൂരിഭാഗവും താമസിച്ച ഹോട്ടലിൽ നിന്നു കഴിച്ചു. പ്രഭാത ഭക്ഷണം മിച്ചം വന്നതിനെ തുടർന്ന് നടത്തിപ്പുകാരെ റാവിസ് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവർ എത്തിയില്ല.

ജീവനക്കാർ ഉന്നതന്റെ ഉഗ്രശാസനം ചൂണ്ടിക്കാട്ടി റാവിസിലെ ഭക്ഷണം ഒഴിവാക്കി വകുപ്പുതല അച്ചടക്ക നടപടിയില്‍ നിന്നും മാനനഷ്ടത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നിയമസഭയില്‍ വെച്ച് നടക്കുന്ന പല പൊതുപരിപാടികളിലും ഭക്ഷണ വിതരണം താറുമാറാകുന്നത് സ്ഥിരമാകുന്ന കാഴ്ച്ചയുമുണ്ട്. ഓണത്തിന് സദ്യവിതരണത്തില്‍ സ്പീക്കർ ഉള്‍പ്പെടെയുള്ളവർക്ക് കിട്ടിയിരുന്നില്ല.