ആകാംക്ഷ നിറച്ച് മാളികപ്പുറം ട്രെയിലർ എത്തി, ‘പ്രതീക്ഷയോടെ എന്റെ അയ്യനുവേണ്ടി.. തത്ത്വമസി !’ എന്ന് ഉണ്ണിമുകുന്ദൻ

സിനിമാ പ്രേമികൾ കാത്തിരുന്ന മാളികപ്പുറം എന്ന ഉണ്ണിമുകുന്ദൻ സിനിമയുടെ ട്രെയിലർ എത്തി. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള സമർപ്പണമാണ് മാളികപ്പുറമെന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഉണ്ണിമുകുന്ദൻ ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

‘കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും വാക്കുകൾകൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററിൽ സിനിമകണ്ട് പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. പ്രതീക്ഷയോടെ എന്റെ അയ്യനുവേണ്ടി മാളികപ്പുറം തത്ത്വമസി!’ എന്നാണ് ഉണ്ണിമുകുൻ കുറിച്ച വാക്കുകൾ.

ഭക്തിയും ആകാംക്ഷയും പ്രേക്ഷകനിൽ ഒരേ സമയം നിറയ്‌ക്കുന്ന ട്രെയിലറാണ് മാളികപ്പുറത്തിനുവേണ്ടി അണിയറ പ്രവർത്തകർ ഒരുക്കിട്ടുള്ളത്. ഹ്യൂമറിനും ചിത്രം ഏറെ പ്രാധാന്യം നൽകുന്നു. ‘ടീച്ചറേ ഈ പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ലെന്ന് പറയുന്നത് ഒള്ളതാണോ’ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തോടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ തുടങ്ങുന്നത്. ഒടുവിൽ ഏതൊരു സിനിമാ പ്രേമിക്കും രോമാഞ്ചം നൽകുന്ന മുഹൂർത്തങ്ങളാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ദേവനന്ദ, ശ്രീപഥ് എന്നീ ബാലതാരങ്ങളുടെ ശ്രദ്ധേയമായ പ്രകടനം പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്നും ട്രെയിലർ സൂചന നൽകുന്നു. അയ്യനെ കാണാൻ മോഹിച്ച് മലയ്‌ക്ക് പോകാൻ ശ്രമിക്കുന്ന രണ്ട് കുട്ടികളും അവർക്ക് തുണയായി എത്തുന്ന സ്വാമിയുടെയും ശബരിമലയിലേക്കുള്ള യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. രസകരമായ മൂഹൂർത്തങ്ങളും ആകാംക്ഷഭരിതമായ നിമിഷങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നു ട്രെയിലർ പറയുന്നുണ്ട്.

രമേഷ് പിഷാരടി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.