സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ബിജെപി വളർച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

മുൻ കാലങ്ങളിലെ തീരുമാനങ്ങൾ പലതും ഫലപ്രദമായി നടപ്പാക്കാൻ ആയില്ല. പാർട്ടിയുടെ സ്വതന്ത്രമായ ശക്തി വർദ്ധിപ്പിക്കാൻ ആയില്ല .ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. ദേശീയതലത്തിൽ സിപിഐഎം, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോൺഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തിൽ സൃഷ്ടിച്ചുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിലയിരുത്തലിനെ ദേശീയതലത്തിലെ നേതാക്കൾ എതിർത്തു.