ഏറ്റെടുക്കുന്ന അടുത്ത വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം – ഗവർണർ

ന്യൂഡൽഹി. പിണറായി മന്ത്രി സഭയിലെ മന്ത്രിമാരുടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം അടുത്ത പടിയായി ഏറ്റെടുക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയതലത്തിൽ വിഷയം ഉയർത്തികൊണ്ടു വരാനാണ് ഗവർണർ ആലോചിക്കുന്നത്. ‘പേഴ്സണൽ സ്റ്റാഫ് നിയമനം ദേശീയതലത്തിൽ അടക്കം ശക്തമായി ഉയർത്തും.

കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ആണെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നതായി പറയുന്ന ഗവർണർ സർക്കാരിനെതിരെ ഇതൊരു തുറുപ്പു ചീട്ടാക്കുമോ എന്ന സംശയവുമാണ് ഉയർത്തിയിരിക്കുന്നത്. ‘ഇത് സർക്കാരിന്‍റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും’ ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം തന്നെ നിയമപരമല്ലായിരുന്നുവെന്നും ക്രമവിരുദ്ധമാണെന്നും ഗവർണർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പുനര്‍നിയമനവുമായി ബന്ധപ്പെട്ട ചോദിക്കുമ്പോൾ അത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും ഗവർണർ പറഞ്ഞു.

ധനമന്ത്രിക്കെതിരായ പ്രീതി പിൻവലിച്ചത് പ്രാദേശികവാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ്. മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരം ഇല്ല. വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘എനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല, കാരണം മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് പ്രീതി പിൻവലിച്ചത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത താൻ, തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്’ എന്നായിരുന്നു ഗവർണർ പറഞ്ഞത്.

ഭരണഘടനാ സ്ഥാനമുപയോഗിച്ച് രാഷ്ട്രീയ അജണ്ടകളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ ഗവർണർ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിച്ചാൽ താൻ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.