എൽ.കെ അദ്വാനിയുടെ വസതിയിലെത്തി രാഷ്‌ട്രപതി ഭാരതരത്ന സമ്മാനിക്കും

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു ഞായറാഴ്ച ഭാരതരത്‌ന സമ്മാനിക്കും. എൽകെ അദ്വാനിയുടെ വസതിയിൽ രാഷ്‌ട്രപതി എത്തുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദ്വാനിക്ക് സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

1927 നവംബർ 8-ന് ഇന്നത്തെ പാകിസ്താനിലെ കറാച്ചിയിൽ ജനിച്ച അദ്വാനി, ഭാരതീയ ജനതാ പാർട്ടിയുടെ തുടക്കം മുതൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിത്വമാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട പാർലമെന്ററി ജീവിതത്തിൽ, ആദ്യം ആഭ്യന്തര മന്ത്രിയായും അടൽ ബിഹാരി വാജ്‌പേയിയുടെ (1999-2004) മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിരുന്നു.